ബെയ്ജിങ് :ഇറാനിലെ രാഷ്ട്രീയ മാറ്റങ്ങൾക്കായുള്ള വിദേശശ്രമങ്ങൾക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി ചൈന. ഇറാനിൽ ഭരണകൂട മാറ്റത്തിനു ശ്രമിക്കുന്ന യുഎസ്- ഇസ്രയേൽ നീക്കത്തിനെതിരെയാണ് മുന്നറിയിപ്പുമായി ചൈന രംഗത്തെത്തിയിരിക്കുന്നത്. അത്തരത്തിലുള്ള ഒരു നീക്കത്തിനും പൊതുജന പിന്തുണ ലഭിക്കില്ലെന്നും ചൈന പറഞ്ഞു. ബെയ്ജിങ്ങിൽ നടന്ന വാർത്താ സമ്മേളനത്തിൽ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ആണ് മുന്നറിയിപ്പ് നൽകിയത്.
ഇറാന്റെ പരമാധികാരത്തെ മാനിക്കണമെന്നും സൈനിക നീക്കങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്നും വാങ് യി ആവശ്യപ്പെട്ടു. കരുത്തുണ്ടെന്നത് ന്യായമുണ്ടെന്നതിനു തെളിവല്ല, ലോകം കാട്ടുനീതിയിലേക്ക് മടങ്ങരുത് എന്നും അദ്ദേഹം പറഞ്ഞു. ഈ യുദ്ധം സംഭവിക്കാൻ പാടില്ലാത്തതായിരുന്നു ആയുധങ്ങൾ ഒരു പ്രശ്നത്തിനും പരിഹാരമല്ല. മധ്യേഷ്യയിലെ കാര്യങ്ങൾ അവിടത്തെ രാജ്യങ്ങൾ തന്നെ തീരുമാനിക്കണമെന്നും വാങ് യി പറഞ്ഞു.
ഇസ്രയേൽ-യുഎസ് ആക്രമണത്തിനിടെ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടതിനെ ചൈന അപലപിച്ചു. യുക്രെയ്ൻ യുദ്ധത്തിന്റെ പേരിൽ പാശ്ചാത്യ രാജ്യങ്ങൾ വിമർശിക്കുന്നുണ്ടെങ്കിലും റഷ്യയുമായുള്ള ചൈനയുടെ ബന്ധം ദൃഢമായി തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇറാന്റെ ഭരണസംവിധാനത്തെ തകർക്കുന്നത് എളുപ്പമല്ലെന്ന അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയുടെ റിപ്പോർട്ട് നിലനിൽക്കെയാണ് ചൈനയുടെ പ്രതികരണം.



