ബീജിങ്: ഇറാന്റെ പുതിയ പരമോന്നത നേതാവായി ചുമതലയേറ്റ മുജ്തബ ഖാംനഈയെ ലക്ഷ്യം വെക്കാനുള്ള ഇസ്രായേലിന്റെയും അമേരിക്കയുടെയും നീക്കങ്ങൾക്കെതിരെ കടുത്ത ഭാഷയിലാണ് ചൈന പ്രതികരിച്ചത്. മുജ്തബയെ തൊട്ടാൽ കളി മാറുമെന്ന വ്യക്തമായ സൂചനയാണ് ബീജിങ് നൽകുന്നത്. ഇറാന്റെ ആഭ്യന്തര കാര്യങ്ങളിൽ പുറത്തുനിന്നുള്ള ഇടപെടൽ അനുവദിക്കില്ലെന്നും പുതിയ നേതാവിനെതിരായ ഏത് നീക്കവും കടുത്ത പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
യു.എസ്-ഇസ്രായേൽ സഖ്യം സംയുക്തമായി നടത്തുന്ന ‘ഓപറേഷൻ എപ്പിക് ഫ്യൂറി’, ‘റോറിങ് ലയൺ’ എന്നീ സൈനിക നീക്കങ്ങൾ ഒൻപതാം ദിവസത്തിലേക്ക് കടക്കുമ്പോഴാണ് ചൈനയുടെ ഈ നിർണായക ഇടപെടൽ. മുൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയും മുതിർന്ന കമാൻഡർമാരും കൊല്ലപ്പെട്ടതിന് പിന്നാലെയാണ് മുജ്തബ ഖാംനഈ അധികാരമേറ്റത്. എന്നാൽ, മുജ്തബയെ ഒരു “ലൈറ്റ്‌വെയ്റ്റ്” എന്ന് പരിഹസിച്ച ഡോണൾഡ് ട്രംപ്, ഇറാന്റെ പുതിയ നേതൃത്വത്തിന് അമേരിക്കയുടെ അംഗീകാരമില്ലാതെ മുന്നോട്ട് പോകാൻ കഴിയില്ലെന്ന് പ്രഖ്യാപിച്ചിരുന്നു.
ഇസ്രായേലിനെ നശിപ്പിക്കാൻ ശ്രമിക്കുന്ന ഏത് ഇറാൻ നേതാവും തങ്ങളുടെ ലക്ഷ്യമായിരിക്കുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് ആവർത്തിച്ചതോടെയാണ് ചൈന പ്രതിരോധവുമായി രംഗത്തെത്തിയത്.



