വാഷിങ്ടൺ: ഇറാന്റെ പെട്രോളിയം വിൽപനക്ക് സൗകര്യമൊരുക്കിയതിന് ഇന്ത്യൻ പൗരന്മാർ ഉൾപ്പെടെ 50 ലധികം സ്ഥാപനങ്ങൾക്കും ആളുകൾക്കും കപ്പലുകൾക്കും യു.എസ് ഉപരോധം ഏർപ്പെടുത്തി.
ഇന്ത്യൻ പൗരന്മാരിൽ മാർഷൽ ദ്വീപുകൾ ആസ്ഥാനമായ ബെർത്ത ഷിപ്പിങ് ഇൻകോർപ്പറേറ്റഡിന്റെ ഉടമയായ വരുൺ പുലയും ഉൾപ്പെടുന്നു. കൊമോറോസ് പതാകയുള്ള കപ്പലായ പാമിറിന്റെ ഉടമയും നടത്തിപ്പുകാരനുമാണ് അദ്ദേഹം.
ട്രഷറി വകുപ്പിന്റെ വിദേശ ആസ്തി നിയന്ത്രണ ഓഫിസ് (ഒ.എഫ്.എ.സി) ആണ് ഉപരോധം പ്രഖ്യാപിച്ചത്. ഇറാന്റെ പെട്രോളിയം, പെട്രോകെമിക്കൽ കയറ്റുമതി തടയാനുള്ള ശ്രമങ്ങളുടെ ഭാഗമാണിത്. ഇറാന് കോടിക്കണക്കിന് ഡോളർ വിലമതിക്കുന്ന പെട്രോളിയം, പെട്രോളിയം ഉൽപന്നങ്ങളുടെ കയറ്റുമതി പ്രാപ്തമാക്കിയതിനാണ് ഉപരോധം.



