വാഷിങ്ടൺ: ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങളിൽനിന്നുള്ള 32 വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ യു.എസ് ഉപരോധം പ്രഖ്യാപിച്ചു. ഇറാന്റെ ബാലിസ്റ്റിക് മിസൈൽ പദ്ധതിയും ആളില്ലാ വിമാനവുമായി പലതരത്തിൽ ബന്ധമുള്ളവരെന്ന പേരിലാണ് നടപടി. ഇന്ത്യക്ക് പുറമെ, ഇറാൻ, ചൈന, ഹോങ്കോങ്, യു.എ.ഇ, തുർക്കിയ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് വ്യക്തികളും സ്ഥാപനങ്ങളും.
ആണവ-ആണവേതര ആയുധങ്ങൾക്കായുള്ള വസ്തുക്കൾ ശേഖരിക്കുന്നതിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ധനകാര്യ സംവിധാനങ്ങളെ ഇറാൻ ചൂഷണം ചെയ്യുന്നുണ്ടെന്ന് യു.എസ് ആരോപിച്ചു. യു.എ.ഇ കേന്ദ്രമായി പ്രവർത്തിക്കുന്ന ‘മാർകോ ക്ലിഞ്ച്’ എന്ന സ്ഥാപനം സോഡിയം ക്ലോറേറ്റും സോഡിയം പെർക്ലോറേറ്റും ഉൾപ്പെടെ ശേഖരിക്കുന്നുണ്ടെന്നും ഈ സ്ഥാപനവുമായി ഇന്ത്യയിലെ ‘ഫാംലെയിൻ പ്രൈവറ്റ് ലിമിറ്റഡി’ന് ബന്ധമുണ്ടെന്നുമാണ് അമേരിക്ക പറയുന്നത്.



