ഇല്ലിനോയിയിലെ ഒരു ആഫ്ടർ സ്കൂൾ ക്യാംപിലേക്ക് വാഹനം ഓടിച്ചു കയറ്റി കുട്ടികളെ ഇടിച്ചു വീഴ്ത്തിയ സംഭവത്തിൽ 4 കുട്ടികൾ കൊല്ലപ്പെട്ടു. ഏപ്രിൽ 28 തിങ്കളാഴ്ച യാണ് സംഭവം നടന്നത്. മരിച്ചവരിൽ 7 വയസുള്ള രണ്ട് കുട്ടികൾ ഉൾപ്പെടുന്നു. ആക്രമണ കാരണം വെളിവായിട്ടില്ല .പ്രതിയെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇല്ലിനോയ് ചാത്തമിലെ 301 ബ്രെക്കൻറിഡ്ജ് റോഡിലുള്ള YNOT ആഫ്റ്റർ സ്കൂൾ ക്യാമ്പിലാണ് അക്രമം നടന്നത്. വാഹനം റോഡിൽ നിന്ന് ഇറക്കി, വയലിലൂടെ ഓടിച്ച് ക്യാംപ് കെട്ടിടം നിന്നിരുന്ന ഭാഗത്തേക്ക് വരികയായിരുന്നു. വാഹനം ആദ്യം പുറത്തു നിൽക്കുകയായിരുന്ന കുട്ടികളെ ഇടിച്ചു വീഴ്ത്തി. കൊല്ലപ്പെട്ട മൂന്നു കുട്ടികൾ പുറത്തു നിന്നവരായിരുന്നു. പുറത്തുനിന്ന കുട്ടികളെ ഇടിച്ചു വീഴ്ത്തിയ വാഹനം കെട്ടിടത്തിലുള്ളിലേക്ക് ഓടിച്ചു കയറ്റി. കെട്ടിടത്തിനുള്ളിലും കുട്ടികളെ ഇടിച്ചു വീഴ്ത്തി. ഡ്രൈവർ മാത്രമാണ് വാഹനത്തിലുണ്ടായിരുന്നത്. ഇയാൾക്കും പരുക്കേറ്റിട്ടുണ്ട്.
ഏപ്രിൽ 29 ചൊവ്വാഴ്ച പങ്കിട്ട ഒരു പൊലീസ് പ്രസ്താവനയിൽ, ഡ്രൈവർ 44 വയസ്സുള്ള മരിയാനെ അകേഴ്‌സ് ആണെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. കൊല്ലപ്പെട്ടത് കാതറിൻ കോർലി (7), അൽമ ബുഹ്നെർകെംപെ (7), ഐൻസ്ലി ജോൺസൺ (8), റൈലി ബ്രിട്ടൺ (18) എന്നീ കുട്ടികളാണ്. ആറ് കുട്ടികൾ പരുക്കുകളോടെ ആശുപത്രിയിലാണ്.



