ടെൽ അവീവ്: ഹമാസിന്റെ സഹസ്ഥാപകനായ ഹകം മുഹമ്മദ് ഇസ്സ അൽ ഇസ്സയെ ഗാസാ നഗരത്തിൽ നടത്തിയ വ്യോമാക്രമണത്തിൽ വധിച്ചെന്ന് ഇസ്രയേൽ സൈന്യം. ഇന്നലെ ഗാസയിലെ സബ്റാ മേഖലയിൽ നടന്ന ആക്രമണത്തിലാണ് ഇസ്സയെ വധിച്ചതെന്നാണ് സൈന്യം പറയുന്നത്. ഇസ്രയേൽ പ്രതിരോധ സേനയും (IDF) ഇസ്രയേൽ സുരക്ഷാ ഏജൻസിയും (ISA) സംയുക്തമായാണ് ആക്രമണം നടത്തിയത്. ഹമാസിന്റെ സൈനിക വിഭാഗത്തിന്റെ സ്ഥാപക അംഗവും, ഇസ്രയേലിനെ നടുക്കിയ 2023 ഒക്ടോബർ 7ലെ ആക്രമണത്തിന്റെ മുഖ്യസൂത്രധാരനുമായിരുന്നു ഇസ്സ. ഹമാസിന്റെ കോംബാറ്റ് സപ്പോർട്ട് ഹെഡ്ക്വാർട്ടേഴ്സിന്റെ തലവനായിരുന്നു നിലവിൽ ഹകം മുഹമ്മദ് ഇസ്സ.
ഇസ്രയേൽ പൗരന്മാർക്കും ഇസ്രയേൽ പ്രതിരോധ സേനക്കും എതിരായ വ്യോമ, നാവിക ആക്രമണങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകിയിരുന്നതായി ഐ ഡി എഫ് വ്യക്തമാക്കി. 2023 ഒക്ടോബർ 7-ലെ ആക്രമണത്തിൽ 1,200-ലധികം ആളുകൾ കൊല്ലപ്പെടുകയും 250-ലധികം പേർ ബന്ദികളാക്കപ്പെടുകയും ചെയ്തിരുന്നു. ഗാസയിൽ ഹമാസിന്റെ ശേഷിക്കുന്ന മുതിർന്ന നേതാക്കളിൽ ഒരാളായിരുന്ന ഇസ്സ, സംഘടനയുടെ ഘടന പുനർനിർമ്മിക്കാനുള്ള ശ്രമങ്ങളിലും ഏർപ്പെട്ടിരുന്നതായി ഐ ഡി എഫ് പറഞ്ഞു. എന്നാൽ ഇസ്സ ആക്രമണത്തിൽ കൊല്ലപ്പെട്ടു എന്ന് ഹമാസ് സ്ഥിരീരിച്ചിട്ടില്ല.
അതേസമയം ഗാസയിലെ ഈ സൈനിക നടപടി, പ്രദേശത്തെ മാനുഷിക പ്രതിസന്ധിയെ കൂടുതൽ വഷളാക്കിയിരിക്കുകയാണ്. ഗാസയിലെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, 2023 ഒക്ടോബർ 7-ന് ശേഷം 56,000-ത്തിലധികം ആളുകൾ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അതിനിടെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഒരാഴ്ചയ്ക്കുള്ളിൽ ഗാസയിൽ വെടിനിർത്തൽ സാധ്യമാകുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. എന്നാൽ, ഈ വെടിനിർത്തൽ താൽക്കാലികമോ സ്ഥിരമോ ആണെന്ന് വ്യക്തമല്ല, ഒപ്പം ബന്ദികളുടെ കൈമാറ്റം ഉൾപ്പെടുമോ എന്നും അവ്യക്തമാണ്.



