Saturday, February 28, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഇസ്രയേൽ–ഇറാൻ സംഘർഷം: എട്ടു മരണം, എയർ ഇന്ത്യ, ഇൻഡിഗോ വിമാനങ്ങൾ റദ്ദാക്കി

ഇസ്രയേൽ–ഇറാൻ സംഘർഷം: എട്ടു മരണം, എയർ ഇന്ത്യ, ഇൻഡിഗോ വിമാനങ്ങൾ റദ്ദാക്കി

ദുബായ്: ആണവ ചർച്ചകളെച്ചൊല്ലി സംഘർഷം രൂക്ഷമായിരിക്കെ, യുഎസ് സഹായത്തോടെ ഇസ്രയേൽ ഇറാന്റെ തലസ്ഥാനത്ത് ആക്രമണം നടത്തി. ആക്രമണത്തിന് പിന്നാലെ ഇറാൻ തിരിച്ചടിച്ചു. ഇസ്രയേലിനു നേരെ ഇറാൻ മിസൈലുകൾ വിക്ഷേപിച്ചുവെന്ന് ഇസ്രയേൽ സൈന്യം പറഞ്ഞു. ഇറാനിൽനിന്ന് വിക്ഷേപിച്ച മിസൈലുകൾ ഇസ്രായേലിനു നേരെ വരുന്നത് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇതിനെത്തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അപായ സൈറണുകൾ മുഴക്കുന്നുണ്ടെന്നുമാണ് ഇസ്രയേൽ സൈന്യം പറയുന്നത്. ഗൾഫ് രാജ്യങ്ങളിലെ യുഎസ് സൈനിക താവളങ്ങൾക്കു നേരെ ആക്രമണം ഉണ്ടായി. അബുദാബിയിൽ ഇറാന്റെ മിസൈൽ ആക്രമണത്തിനിടെ ഒരാൾ കൊല്ലപ്പെട്ടതായി യുഎഇ ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇറാഖിൽ 2 മരണം റിപ്പോർട്ട് ചെയ്തു. തെക്കൻ ഇറാനിലെ ഹോർമോസ്ഗാൻ പ്രവിശ്യയിലുള്ള മിനാബ് നഗരത്തിലെ പെൺകുട്ടികളുടെ പ്രൈമറി സ്കൂളിനു നേരെ ഇസ്രയേൽ ആക്രമണം ഉണ്ടായതായി ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഇർന റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ അഞ്ച് വിദ്യാർഥിനികൾ കൊല്ലപ്പെട്ടു.

ഇറാനെതിരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിന് പിന്നാലെ പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത്, പശ്ചിമേഷ്യയിലെ എല്ലാ ലക്ഷ്യസ്ഥാനങ്ങളിലേക്കുമുള്ള എയർ ഇന്ത്യ, ഇൻഡിഗോ വിമാനങ്ങൾ റദ്ദാക്കി. യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും സുരക്ഷയ്ക്ക് പരമപ്രധാനമായ പരിഗണന നൽകുന്നുവെന്നും അത് കണക്കിലെടുത്താണ് തീരുമാനമെന്നും എയർ ഇന്ത്യ അറിയിച്ചു. സുരക്ഷാ സാഹചര്യങ്ങൾ നിരന്തരം വിലയിരുത്തിക്കൊണ്ടിരിക്കുകയാണെന്നും അതിനനുസരിച്ച് വിമാന സർവീസുകളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്നും എയർ ഇന്ത്യ പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. യാത്രക്കാർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും അധികൃതർ വ്യക്തമാക്കി.

മധ്യപൂർവദേശത്തേക്കും തിരിച്ചുമുള്ള എല്ലാ വിമാന സർവീസുകളും അർധരാത്രി വരെ റദ്ദാക്കിയിരിക്കുന്നതായി ഇൻഡിഗോ. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് പരമപ്രധാനമായ പരിഗണന നൽകുന്നതിനാലാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടിരിക്കുന്നതെന്നും ഇൻഡിഗോ അറിയിച്ചു. നിലവിലെ സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. തടസങ്ങൾ പരമാവധി കുറയ്ക്കുന്നതിനായി വിമാന സർവീസുകൾ പുനഃക്രമീകരിക്കാനുള്ള നടപടികൾ സ്വീകരിച്ചുവരുന്നതായും ഇൻഡിഗോ അറിയിച്ചു.

ഇസ്രയേലിലുള്ള ഇന്ത്യൻ പൗരന്‍മാർ അതീവ ജാഗ്രത പാലിക്കണമെന്നാണ് ഇന്ത്യൻ‌ എംബസിയുടെ മുന്നറിയിപ്പ്. അധികൃതർ പുറപ്പെടുവിക്കുന്ന നിർദേശങ്ങൾ കൃത്യമായ പാലിക്കണമെന്നും എംബസി നിര്‍ദേശം നൽകി. എല്ലാവരും ഷെൽട്ടറുകളിൽ തന്നെ തുടരണമെന്നും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അത്യാവശ്യമല്ലാത്തതും അനാവശ്യവുമായ യാത്രകൾ ഒഴിവാക്കണമെന്നും നിർദേശമുണ്ട്. അടിയന്തര സാഹചര്യം ഉണ്ടായാൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ വഴി ടെൽ അവീവിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാം. ടെലിഫോൺ: +972-54-7520711, ഇ-മെയിൽ: [email protected]

ഇറാനിലെ എല്ലാ ഇന്ത്യൻ പൗരന്മാരും അതീവ ജാഗ്രത പാലിക്കണമെന്നും അനാവശ്യമായ യാത്രകൾ ഒഴിവാക്കണമെന്നും കഴിയുന്നത്ര വീടിനുള്ളിൽ തന്നെ തുടരണമെന്നും ടെഹ്‌റാനിലെ ഇന്ത്യൻ എംബസിയും നിർദ്ദേശിച്ചിട്ടുണ്ട്. വാർത്തകൾ സൂക്ഷ്മമായി നിരീക്ഷിക്കാനും എംബസി പുറപ്പെടുവിക്കുന്ന കൂടുതൽ മാർഗനിർദേശങ്ങൾ പാലിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ, ഇന്ത്യക്കാർക്ക് എംബസിയുമായി ബന്ധപ്പെടാം: +989128109115, +989128109109, +989128109102, +989932179359.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments