ടെൽ അവീവ് : വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്രയേൽ ഗാസയിൽ നടത്തിയ വ്യോമാക്രമണത്തിൽ 40 പേർ കൊല്ലപെപ്പെട്ടു. ജനുവരി 19ന് നിലവിൽവന്ന വെടി നിർത്തൽ കരാറാണ് ലംഘിക്കപ്പെട്ടത്. ഹമാസ് കേന്ദ്രങ്ങൾ ലക്ഷ്യമാക്കിയാണ് ആക്രമണം നടത്തുന്നതെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു. വ്യോമാക്രമണത്തിൽ കുട്ടികൾ ഉൾപ്പെടെ 40 പേരിലധികം മരിച്ചതായി റിപ്പോർട്ടുകൾ ഉണ്ട്. ആക്രമണത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഇസ്രയേൽ സൈന്യം നൽകിയിട്ടില്ല. ഗാസയിലെ ദെയ്ർ അൽ-ബലായ്, ഗാസ സിറ്റി, ഖാൻ യൂനിസ്, റഫ എന്നിവിടങ്ങളിലാണ് രാത്രിയോടെ വ്യോമാക്രമണം നടന്നതെന്ന് ദൃക്സാക്ഷികൾ പറയുന്നു. ജനുവരിയിൽ അമേരിക്കൻ മധ്യസ്‌ഥതയിൽ ദോഹയിൽ നടന്ന ചർച്ചയെ തുടർന്നാണ് ഗാസയിൽ വെടിനിർത്തൽ കരാർ നിലവിൽ വന്നത്. മൂന്ന് ഘട്ടങ്ങളായി വെടിനിർത്തൽ നടപ്പാക്കണമെന്നായിരുന്നു കരാർ. ഇതേ തുടർന്ന് ഇസ്രയേലും ഹമാസും തമ്മിൽ ആദ്യഘട്ടത്തിൽ ബന്ദികളെ കൈമാറിയിരുന്നു. ഇതിനു പിന്നാലെയാണ് മേഖലയെ അശാന്തമാക്കി വീണ്ടും ഇസ്രയേൽ സൈന്യത്തിന്റെ വ്യോമാക്രമണം.എന്നാൽ, വെടിനിർത്തൽ നീട്ടാനുള്ള യുഎസ് നിർദേശം ഹമാസ് നിരസിച്ചതിനെത്തുടർന്നാണ് ഗാസയിൽ ഇസ്രയേൽ വ്യോമാക്രമണം പുനരാരംഭിച്ചതെന്ന് പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ ഓഫീസ് വ്യക്തമാക്കി.