വിയന്ന: ഫലസ്തീൻ മാധ്യമപ്രവർത്തക മറിയം അബൂ ദഖക്ക് 2025ലെ വേൾഡ് പ്രസ് ഫ്രീഡം ഹീറോ അവാർഡ്. ആസ്ട്രിയയിലെ വിയന്ന ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്റർനാഷണൽ പ്രസ് ഇൻസ്റ്റിറ്റ്യൂട്ട് (ഐ.പി.ഐ) ആണ് അവാർഡ് പ്രഖ്യാപിച്ചത്.
ഗസ്സയിലെ മനുഷ്യരുടെ നിസ്സഹായാവസ്ഥയും ഇസ്രായേൽ ക്രൂരതയും ലോകത്തിന് മുന്നിലെത്തിക്കാൻ ജീവൻ പണയപ്പെടുത്തി നടത്തിയ ധീര പരിശ്രമങ്ങൾ പരിഗണിച്ചായിരുന്നു അവാർഡെന്ന് ഐ.പി.ഐ പറഞ്ഞു.
ഫീൽഡ് റിപ്പോർട്ടറും ഫോട്ടോ ജേണലിസ്റ്റുമായ അബു ദഖ, 2025 ആഗസ്റ്റ് 25 ന് തെക്കൻ ഗസ്സയിലെ ഖാൻ യൂനിസിലെ നാസർ മെഡിക്കൽ കോംപ്ലക്‌സിൽ നടന്ന ഇസ്രായേലി വ്യോമാക്രമണത്തിലാണ് കൊല്ലപ്പെടുന്നത്.
രണ്ടുവർഷം മുമ്പ് ഗസ്സക്ക് മേൽ ഇസ്രായേലിന്‍റെ ആക്രമണം തുടങ്ങിയതുമുതൽ സജീവമായി മാധ്യമപ്രവർത്തനരംഗത്തുണ്ടായിരുന്നു മറിയം ദഖ. അന്താരാഷ്ട്ര വാർത്ത ഏജൻസിയായ അസോസിയേറ്റഡ് പ്രസിന് (എ.പി) വേണ്ടി വാർത്തകളും വിഡിയോകളും നൽകുകയായിരുന്നു. ഒപ്പം ഇൻഡിപെൻഡന്‍റ് അറേബ്യ പോലുള്ള മാധ്യമങ്ങൾക്ക് വേണ്ടിയും വാർത്തകൾ നൽകി. പട്ടിണി കൊണ്ട് മരണാസന്നരായ കുട്ടികളെ രക്ഷിക്കാനുള്ള നാസർ ഹോസ്പിറ്റലിലെ ഡോക്ടർമാരുടെ തീവ്രശ്രമങ്ങളെ കുറിച്ചുള്ള മറിയത്തിന്‍റെ റിപ്പോർട്ടുകൾ ഏറെ ശ്രദ്ധനേടിയിരുന്നു.



