ഇസ്തംബൂൾ: ഇസ്രായേൽ-ഫലസ്തീൻ സംഘർഷം അവസാനിപ്പിക്കാൻ ദ്വിരാഷ്ട്ര പരിഹാരമാണ് മാർഗമെന്ന് ആവർത്തിച്ച് ലിയോ പതിനാലാമൻ മാർപാപ്പ. തുർക്കിയ സന്ദർശനം പൂർത്തിയാക്കി ലബനാനിലേക്കുള്ള യാത്രക്കിടെയാണ് അദ്ദേഹം ഇക്കാര്യം പ്രസ്താവിച്ചത്.
തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാനുമായുള്ള കൂടിക്കാഴ്ചയിൽ ഗസ്സ, യുക്രെയ്ൻ യുദ്ധങ്ങൾ പരാമർശിച്ചോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, ഇരു സംഘർഷങ്ങളും അവസാനിപ്പിക്കാൻ തുർക്കിയക്ക് നിർണായക പങ്കുവഹിക്കാൻ കഴിയുമെന്നായിരുന്നു പ്രതികരണം.
ഇസ്രായേൽ-ഫലസ്തീൻ സംഘർഷം അവസാനിപ്പിക്കാൻ ദ്വിരാഷ്ട്ര പരിഹാരം വേണമെന്നതാണ് വത്തിക്കാെന്റ ദീർഘകാല നിലപാടെന്ന് മാർപാപ്പ പറഞ്ഞു. ഈ ഘട്ടത്തിൽ ഇസ്രായേൽ ആ പരിഹാരം അംഗീകരിക്കുന്നില്ലെന്ന് നമുക്കറിയാം. എന്നാൽ, ഇതിന് മാത്രമാണ് ശാശ്വത പരിഹാരമുണ്ടാക്കാൻ കഴിയുക. ഇസ്രായേലിെന്റയും സുഹൃത്തുക്കളാണ് വത്തിക്കാൻ. അതിനാൽ, എല്ലാവർക്കും നീതി എന്ന തത്ത്വത്തിലൂന്നി ഇരു കൂട്ടരെയും സമാധാനത്തിെന്റ പാതയിലേക്ക് കൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



