തിരുവനന്തപുരം: കോണ്‍ഗ്രസ് ഡിജിപി ഓഫീസ് മാര്‍ച്ചില്‍ നേതാക്കള്‍ പ്രസംഗിക്കുന്നതിനിടെ ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ച പൊലീസ് നടപടിക്കെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങി കോൺഗ്രസ്. ഉച്ചതിരിഞ്ഞ് കരിദിനം ആചരിക്കുമെന്നും മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പന്തംകൊളുത്തി പ്രതിഷേധം നടത്തുമെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്തിനെത്തുടർന്ന് ആശുപ്രതിയിൽ പ്രവേശിപ്പിച്ച കെ സുധാകരൻ പരിശോധന നടത്തിയ ശേഷം കെപിസിസി ഓഫീസിലെത്തി.
പ്രതിപക്ഷ നേതാവ്, മുന്‍ പ്രതിപക്ഷ നേതാവ്, യുഡിഎഫ് കണ്‍വീനര്‍, എംപിമാര്‍, എംഎല്‍എമാര്‍ എന്നിവര്‍ ഇരിക്കുന്ന വേദിക്ക് പിറകിലേക്ക് ഗ്രാനേഡും ജലപീരങ്കിയും പ്രയോഗിച്ച നടപടിക്കെതിരെ പ്രതിഷേധം ശക്തമാക്കാനാണ് കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് തീരുമാനം.
കോൺഗ്രസിന്റെ ഡിജിപി ഓഫീസ് മാർച്ചിനെത്തുടർന്നാണ് തലസ്ഥാനത്ത് സംഘർഷമുണ്ടായത്. പ്രതിപക്ഷനേതാവ് വിഡി സതീശൻ പ്രസംഗിക്കുന്നതിനിടെ പ്രവർത്തകർ ബാരിക്കേഡുകൾ തകർക്കാൻ ശ്രമിച്ചു. ഇതേത്തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ജലപീരങ്കിയിൽ നിന്നുമുള്ള വെള്ളം നേതാക്കൾ ഇരുന്ന വേദിവരെയെത്തി. വേദിയിലുണ്ടായിരുന്ന കെ സുധാകരൻ അടക്കമുള്ള നേതാക്കൾ നനഞ്ഞ് കുതിർന്നു.
ഇതോടെ പ്രസംഗം തടസപ്പെട്ടു. കണ്ണീർ വാതകം പ്രയോഗിച്ചതോടെ കെപിസിസി പ്രസിഡന്റ് കെ സുധാകരന് ദേഹാസ്വാസ്ഥ്യം ഉണ്ടായി. തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത്. പൊലീസിന് നേരെ കല്ലേറുണ്ടായി. നേതാക്കളുള്ള ഭാഗത്തേക്ക് പൊലീസിന്റെ ഭാഗത്തുനിന്നാണ് ആദ്യം ആക്രമണമുണ്ടായതെന്നാണ് കോണ്‍ഗ്രസ് പ്രവർത്തകരുടെ ആരോപണം.