ചമോലി: ഉത്തരാഖണ്ഡിലെ ബദരിനാഥിലുണ്ടായ വൻ ഹിമപാതത്തിൽ നിർമാണ തൊഴിലാളികൾ കുടുങ്ങി. ബോർഡർ റോഡ്സ് ഓർഗനൈസേഷന്‍റെ (ബി.ആർ.ഒ) 47 തൊഴിലാളികളാണ് കുടുങ്ങിയത്. 10 പേരെ രക്ഷപ്പെടുത്തിയതായാണ് റിപ്പോർട്ട്.
ബദരിനാഥ് ചമോലി ജില്ലയിലെ മാനാ ഗ്രാമത്തിൽ ബോർഡർ റോഡ്സ് ഓർഗനൈസേഷന്‍ ക്യാമ്പിലാണ് സംഭവം. കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ ഇന്തോ-തിബത്ത് ബോർഡർ പൊലീസ്, സൈന്യം എന്നിവയുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.
അതിശക്തമായ ഹിമപാതത്തിൽ അതിർത്തിയിൽ നിർമാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികൾ അകപ്പെടുകയായിരുന്നു. രക്ഷപ്പെട്ടവരുടെ നില ഗുരുതരമാണെന്നും ഇവരെ മാനാക്ക് സമീപമുള്ള സൈനിക ക്യാമ്പിലേക്ക് മാറ്റിയതായും അധികൃതർ അറിയിച്ചു.
ഇന്തോ-തിബത്ത് ബോർഡർ പൊലീസിന്‍റെയും ബി.ആർ.ഒയുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ദാമി അറിയിച്ചു. ഇന്ന് ഹിമപാതത്തിന് സാധ്യതയുണ്ടെന്ന് ലാഹൗൾ, സ്പിത്തി പൊലീസ് നേരത്തെ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു.



