Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഎച്ച്–1ബി വീസ പദ്ധതി പൂർണമായി ഇല്ലാതാക്കുമെന്ന് ജോർജിയയിൽനിന്നുള്ള ജനപ്രതിനിധി മാജറി ടെയ്‌ല ഗ്രീൻ

എച്ച്–1ബി വീസ പദ്ധതി പൂർണമായി ഇല്ലാതാക്കുമെന്ന് ജോർജിയയിൽനിന്നുള്ള ജനപ്രതിനിധി മാജറി ടെയ്‌ല ഗ്രീൻ

ന്യൂയോർക്ക്: എച്ച്–1ബി വീസ പദ്ധതി പൂർണമായി ഇല്ലാതാക്കാൻ ബിൽ അവതരിപ്പിക്കാനൊരുങ്ങി അമേരിക്കൻ ജനപ്രതിനിധി. ഈ പദ്ധതി ഇല്ലാതാകുന്നതോടെ എച്ച്–1 ബി വീസ വഴി യുഎസിലെത്തി പൗരത്വം നേടാനുള്ള വിദേശികളുടെ വഴി അടയുമെന്നും ജോർജിയയിൽനിന്നുള്ള ജനപ്രതിനിധി മാജറി ടെയ്‌ല ഗ്രീൻ എക്സിൽ പങ്കുവച്ച വിഡിയോയിൽ അറിയിച്ചു. റിപ്പബ്ലിക്കൻ പാർട്ടി അംഗമാണ് ഇവർ. ജോലിക്കായി യുഎസിൽ എത്തുന്ന വിദേശികൾ ആ വീസ കാലാവധി കഴിയുമ്പോൾ തിരിച്ചുപോകുന്ന തരത്തിൽ നിയമം മാറ്റണമെന്നാണ് അവരുടെ ആവശ്യം.

യുഎസിലെ ജനങ്ങളുടെ ജീവൻ രക്ഷിക്കുന്ന, അവർക്കു പരിചരണം നൽകുന്ന ഡോക്ടർമാർ, നഴ്സുമാർ തുടങ്ങിയ മെഡിക്കൽ പ്രഫഷനലുകൾക്കു നൽകുന്ന വീസകൾക്കു പ്രതിവർഷം 10,000 എന്ന പരിധി അനുവദിക്കുന്ന ഒരു ഇളവു മാത്രമേ തന്റെ ബില്ലിൽ ഉണ്ടാകൂ എന്നാണ് മാജറി ടെയ്‌ല ഗ്രീനിന്റെ നിലപാട്. എന്നാൽ, യുഎസ് ഡോക്ടർമാരുടെയും മറ്റു മെഡിക്കൽ പ്രഫഷനലുകളുടെയും ശൃംഖല കെട്ടിപ്പടുക്കുന്നതിന്റെ ഭാഗമായി, പ്രതിവർഷം 10,000 വീസ എന്ന പരിധി 10 വർഷത്തിനുള്ളിൽ ഘട്ടംഘട്ടമായി നിർത്തലാക്കുമെന്നും ഗ്രീൻ ചൂണ്ടിക്കാട്ടി.

വീസ കാലാവധി കഴിയുമ്പോൾ ഇവരെ നാട്ടിലേക്കു മടങ്ങാൻ നിർബന്ധിതരാക്കുന്നതിലൂടെ, തന്റെ ബിൽ പൗരത്വത്തിലേക്കുള്ള വഴി ഇല്ലാതാക്കുമെന്നും ഗ്രീൻ കൂട്ടിച്ചേർത്തു. ‘‘എച്ച്-1ബി വീസയുടെ യഥാർഥ ഉദ്ദേശ്യം പുനഃസ്ഥാപിക്കുക എന്നതാണ് ബില്ലിന്റെ ലക്ഷ്യം. അത് താൽക്കാലികമായിരിക്കണം എന്നതായിരുന്നു ഈ വീസയുടെ യഥാർഥ ലക്ഷ്യം. ഈ വീസകൾ ഒരു പ്രത്യേക സമയത്തെ തൊഴിൽപരമായ ആവശ്യം നിറവേറ്റാന്‍ ഉദ്ദേശിച്ചുള്ളതാണ്. ആളുകളെ ഇവിടെ എന്നെന്നേക്കുമായി വന്നു താമസിക്കാൻ അനുവദിക്കരുത്. അവരുടെ വൈദഗ്ധ്യത്തിന് ഞങ്ങൾ നന്ദി പറയുന്നു, പക്ഷേ അവർക്ക് സ്വന്തം നാട്ടിലേക്കു മടങ്ങാൻ കഴിയട്ടെ എന്ന് ഞങ്ങൾ ആശംസിക്കുകയും ചെയ്യുന്നു.

പുതിയ ബിൽ എച്ച്-1ബി വീസ പദ്ധതി വഴിയെത്തുന്നതും മറ്റ് തൊഴിൽ മേഖലകളിൽ പ്രവർത്തിക്കുന്ന വിദേശ തൊഴിലാളികളുടെ അവസരങ്ങളും പൂർണമായും അവസാനിപ്പിക്കും. വിദേശികൾക്കു പകരം അമേരിക്കൻ പൗരന്മാർക്കു മുൻഗണന നൽകേണ്ട സമയമാണിത്. വളരെക്കാലമായി ദുരുപയോഗം നടക്കുന്നു. അമേരിക്കക്കാർക്കും അർഹതയുണ്ട് ഭാവിക്കും അവസരത്തിനും. ലോകത്തെ ഏറ്റവും കഴിവുള്ളവരും സർഗ്ഗാത്മകരുമായ ആളുകൾ അമേരിക്കക്കാരാണെന്നു ഞാൻ വിശ്വസിക്കുന്നു, അവർക്ക് അവരുടെ അമേരിക്കൻ സ്വപ്നം യാഥാർഥ്യമാക്കണം എന്ന് ഞാൻ ആഗ്രഹിക്കുന്നു.

രാജ്യത്തെ അമേരിക്കൻ ഡോക്ടർമാരുടെയും മെഡിക്കൽ പ്രഫഷനലുകളുടെയും ശൃംഖല കെട്ടിപ്പടുക്കുന്നതിനായി, മെഡികെയർ ഫണ്ട് ചെയ്യുന്ന റെസിഡൻസി പ്രോഗ്രാമുകളിൽ പൗരന്മാരല്ലാത്ത മെഡിക്കൽ വിദ്യാർഥികളെ പ്രവേശിപ്പിക്കുന്നത് ബിൽ നിരോധിക്കും. കഴിഞ്ഞ വർഷം മാത്രം യുഎസിൽ മെഡിക്കൽ സ്കൂളിൽനിന്ന് ബിരുദം നേടിയ 9000 ൽ അധികം ഡോക്ടർമാർക്ക് റസിഡൻസി ലഭിച്ചിരുന്നില്ല. അതേസമയം, 2023 ൽ മാത്രം 5000 ൽ അധികം വിദേശ ഡോക്ടർമാർക്ക് റസിഡൻസി ലഭിച്ചു. തികച്ചും അന്യായമാണിത്. ബിൽ രാജ്യത്തെ ഡോക്ടർമാരുടെയും നഴ്സുമാരുടെയും ക്ഷാമം കുറയ്ക്കാൻ സഹായിക്കും. അമേരിക്കൻ ഡോക്ടർമാരെക്കൊണ്ടു നമ്മുടെ റസിഡൻസി പ്രോഗ്രാമുകൾ നിറയ്ക്കാൻ സമയം നൽകി, വിദേശ തൊഴിലാളികളിലുള്ള നമ്മുടെ ആശ്രയം കുറയ്ക്കുന്ന ഒരു വഴിയായും ഈ ബിൽ പ്രവർത്തിക്കും’’ – ഗ്രീൻ വ്യക്തിമാക്കി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments