വാഷിങ്ടൺ: ഇന്ത്യയിൽ നിന്നടക്കമുള്ള വിദഗ്ധരായ വിദേശ തൊഴിലാളികളെ ലക്ഷ്യമിട്ടാണ് ട്രംപ് ഭരണകൂടം എച്ച്1ബി വിസ ഫീസ് ഒരുലക്ഷം ഡോളറായി(ഏകദേശം 88 ലക്ഷം രൂപ) കുത്തനെ വർധിപ്പിച്ചത്. വിസ ഫീസ് കുത്തനെ ഉയർന്നതോടെ എച്ച്1ബി അപേക്ഷകരുടെ എണ്ണവും കുറഞ്ഞിരുന്നു. ഇത്രയും ഉയർന്ന ഫീസടക്കുന്നത് ടാറ്റ കൺസൾട്ടൻസി സർവീസസ് ലിമിറ്റഡ്, ഇൻഫോസിസ് ലിമിറ്റഡ്, കോഗ്നിസന്റ് ടെക്നോളജി സൊല്യൂഷൻസ് കോർപ് എന്നീ കമ്പനികൾക്ക് വലിയ ബാധ്യതയാണ്.
ഓരോ വിദേശ തൊഴിലാളിയെ നിയമിക്കുമ്പോഴും നൽകേണ്ടി വരുന്ന ഈ ഭീമമായ തുക ഇന്ത്യൻ ഐ.ടി കമ്പനികളുടെ ലാഭത്തെ സാരമായി ബാധിക്കും. ഇത് ഇന്ത്യയിൽ നിന്നുള്ള സോഫ്റ്റ്‌വെയർ കയറ്റുമതിയെയും ഐ.ടി മേഖലയിലെ തൊഴിലവസരങ്ങളെയും കുറക്കാനും കാരണമാകും.
നിലവിൽ എച്ച്-1ബി വിസകൾക്കായി കമ്പനികൾ നൽകുന്ന തുകയേക്കാൾ പത്തിരട്ടിയിലധികം വർധനവാണ് പുതിയ നിർദേശപ്രകാരം ഉണ്ടാകുക. വിദേശത്ത് നിന്നുള്ള സാങ്കേതിക വിദഗ്ധരെ അമേരിക്കയിലേക്ക് കൊണ്ടുവരുന്നതിന് പകരം അമേരിക്കൻ പൗരന്മാരെത്തന്നെ അത്തരം ജോലികളിൽ നിയമിക്കുകയാണ് ട്രംപിന്റെ ലക്ഷ്യം.
പുതിയ ഫീസ് പ്രാബല്യത്തിൽ വരുന്നതോടെ അമേരിക്കൻ കമ്പനികൾ ഇന്ത്യൻ ഐ.ടി സ്ഥാപനങ്ങൾക്ക് നൽകുന്ന പ്രോജക്ടുകളുടെ ചെലവും വർധിക്കും. ഇത് ആഗോള വിപണിയിൽ ഇന്ത്യൻ ഐ.ടി മേഖല നേരിടുന്ന വെല്ലുവിളി വർധിപ്പിക്കുകയും ചെയ്യും.



