വാഷിങ്ടൻ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ എച്ച്1ബി വീസ ഫീസ് വർധനവിന് എതിരെ കലിഫോർണിയയുടെ നേതൃത്വത്തിൽ 20 സ്റ്റേറ്റുകൾ നിയമപോരാട്ടത്തിന്. ഒരു ലക്ഷം യുഎസ് ഡോളർ ഫീസ് എന്ന ഈ നയം നിയമവിരുദ്ധമാണെന്നും അത്യാവശ്യ പൊതുസേവനങ്ങളായ ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ സേവനങ്ങൾക്കു ഭീഷണിയാണെന്നും ഇവർ വാദിക്കുന്നു.
സെപ്റ്റംബറിൽ ട്രംപിന്റെ പ്രസിഡൻഷ്യൽ ഉത്തരവ് പിൻപറ്റി ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയാണ് ഈ നയം നടപ്പിലാക്കുന്നത്. ആശുപത്രികൾ, സർവകലാശാലകൾ, പൊതുവിദ്യാലയങ്ങൾ എന്നിവ വ്യാപകമായി ഉപയോഗിക്കുന്ന എച്ച്-1ബി വീസ നയത്തിനു കീഴിൽ, ഉയർന്ന വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികളെ നിയമിക്കുന്നതിനുള്ള ചെലവാണ് ഈ നയം കുത്തനെ വർധിപ്പിക്കുന്നത്.
ഫീസ് ചുമത്താൻ ഭരണകൂടത്തിന് അധികാരമില്ലെന്ന് കേസിനു നേതൃത്വം നൽകുന്ന കലിഫോർണിയ അറ്റോർണി ജനറൽ റോബ് ബോണ്ട അറിയിച്ചു. ആവശ്യമായ നിയമനിർമാണ ചട്ടങ്ങൾ മറികടക്കുകയും കോൺഗ്രസിന്റെ അധികാരപരിധി ലംഘിക്കുകയും ചെയ്യുന്നതിലൂടെ, ഈ നയം അഡ്മിനിസ്ട്രേറ്റീവ് പ്രൊസീജ്യർ ആക്ടിന്റെയും യുഎസ് ഭരണഘടനയുടെയും ലംഘനമാണെന്ന് സംസ്ഥാനങ്ങൾ വാദിക്കുന്നു.



