കൊച്ചി: തന്നെ പ്രതിയാക്കാൻ ഗൂഢാലോചന നടന്നെന്നും എല്ലാം തുടങ്ങിയത് ‘അമ്മ’യുടെ യോഗത്തിൽ മഞ്ജു വാര്യർ നടത്തിയ പ്രസംഗത്തിനു ശേഷമെന്നും നടൻ ദിലീപ്. കോടതി വിധിക്കുശേഷം പ്രതികരിക്കുകയായിരുന്നു നടൻ. അന്നത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥയും അവരുടെ സംഘവും ചേർന്നാണ് തനിക്കെതിരെ ഗൂഢാലോചന നടത്തിയത്. തന്റെ കരിയർ നശിപ്പിക്കുകയായിരുന്നു ലക്ഷ്യം. കേസിൽ ഒപ്പം നിന്നവർക്കു നന്ദി പറയുന്നതായും ദിലീപ് പറഞ്ഞു.
‘‘ഈ കേസിൽ ക്രിമിനൽ ഗൂഢാലോചനയുണ്ടെന്നും ആ ഗൂഢാലോചന അന്വേഷിക്കണം എന്നും മഞ്ജു പറഞ്ഞതു മുതലാണ് എനിക്കെതിരെ ഗൂഢാലോചന ആരംഭിച്ചത്. അന്നത്തെ പൊലീസ് ഉന്നത ഉദ്യോഗസ്ഥയും ക്രിമിനൽ പൊലീസും ചേർന്നാണ് ഇങ്ങനെയൊരു നടപടിയുണ്ടാക്കിയത്. അതിനായി മുഖ്യപ്രതിയെയും കൂട്ടുപ്രതികളെയും പൊലീസ് കൂട്ടുപിടിച്ചു. പൊലീസ് ചില മാധ്യമങ്ങളെ കൂട്ടുപിടിച്ചു കള്ളക്കഥ മെനഞ്ഞു. ആ കഥ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. പൊലീസിന്റെ കള്ളക്കഥ പൊളിഞ്ഞു.
ഈ കേസിൽ യഥാർഥ ഗൂഢാലോചന എന്നു പറയുന്നത് എന്നെ പ്രതിയാക്കാൻ ശ്രമിച്ചതാണ്. സമൂഹത്തിൽ എന്റെ കരിയറും ജീവിതവും നശിപ്പിക്കാനാണ് അങ്ങനെ ചെയ്തത്. കൂടെനിന്ന കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും പ്രാർഥിച്ചവരോടും നന്ദി പറയുന്നു. വക്കീലായ രാമൻപിള്ളയോടും നന്ദി.’’–ദിലീപ് പറഞ്ഞു.



