തിരുവനന്തപുരം: സഹപാഠികളെ കൊല ചെയ്യുന്നതും കൊല്ലാക്കൊല ചെയ്യുന്നതും എസ്.എഫ്.ഐയുടെ മൃഗയാ വിനോദമായി മാറിയ സാഹചര്യത്തില്‍ സംഘടനയെ അടിയന്തരമായി പിരിച്ചുവിടണമെന്നു കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന്‍ എം.പി. എസ്.എഫ്.ഐ സംസ്ഥാന സമ്മേളനം ആരംഭിച്ച സാഹചര്യത്തില്‍ ഇങ്ങനെയൊരു തീരുമാനമാണ് കേരളം കേള്‍ക്കാന്‍ കാത്തിരിക്കുന്നത്. മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും ഇക്കാര്യത്തില്‍ കേരള സമൂഹത്തോടൊപ്പം നിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ഥി സിദ്ധാര്‍ഥനെ കൊന്നൊടുക്കിയിട്ട് ഒരു വര്‍ഷം തികയുന്നതിനിടയില്‍ എത്രയെത്ര ക്രൂരകൃത്യങ്ങളാണ് ഈ സംഘടന നടത്തിയത്. ഏറ്റവുമൊടുവില്‍ കാര്യവട്ടം കാമ്പസും എസ്.എഫ്.ഐ ചോരയില്‍ മുക്കി. ബയോടെക്നോളജി ഒന്നാം വര്‍ഷ വിദ്യാര്‍ഥി ബിന്‍സ് ജോസിനെ എസ്.എഫ്.ഐയുടെ ഇടിമുറിയിലിട്ട് മര്‍ദിച്ച് അവശനാക്കി. ഇതൊരു നരഭോജി പ്രസ്ഥാനമാണെന്ന് ആവര്‍ത്തിച്ചു വ്യക്തമാക്കുന്നു. കോട്ടയം ഗവ. നഴ്സിങ് കോളജില്‍ നടന്നതും അതിക്രൂരമായ റാഗിങ്ങാണ്. അറസ്റ്റിലായവര്‍ ഇടത് സംഘടനയുടെ ഭാരവാഹികളും എസ്.എഫ്.ഐ പ്രവര്‍ത്തകരുമാണ്.
എന്നാല്‍ പതിവുപോലെ പാര്‍ട്ടിക്കു ബന്ധമില്ലെന്നു പറഞ്ഞ് ഒഴിഞ്ഞുമാറാനാണ് ശ്രമിക്കുന്നത്. ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ടി.പി. ശ്രിനിവാസനെ അടിച്ചുവീഴ്ത്തിയതിനെ ഇപ്പോഴും ന്യായീകരിക്കുന്ന എസ്.എഫ്.ഐയുടെ ഉള്ളിലുള്ളത് കണ്ണൂരിലെ സി.പി.എമ്മുകാരുടെ കൊലപാതക രാഷ്ട്രീയത്തിന്റെ വിത്തുകളാണ്. സിദ്ധാര്‍ഥിന്റെ ശരീരത്തില്‍ 19 ഗുരുതര മുറിവുകളുണ്ടെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. സിദ്ധാര്‍ഥന്റെ മരണത്തിന് ഉത്തരവാദികളായ എസ്.എഫ്.ഐക്കരുടെ ജാമ്യം, തുടര്‍ പഠനം എന്നിവയില്‍ സര്‍ക്കാര്‍ സംരക്ഷണം നൽകിയതുകൊണ്ട് അവര്‍ ഇപ്പോഴും വിലസി നടക്കുന്നു.
പിണറായി വിജയന്റെ രണ്ടാം ഭരണമാണ് എസ്.എഫ്.ഐയെ ഇത്രമാത്രം അധഃപതിപ്പിച്ചത്. സി.പി.ഐയുടെ വിദ്യാര്‍ഥി സംഘടനയിലെ പെണ്‍കുട്ടികള്‍ക്കടക്കം കൊടിയ മര്‍ദനമാണ് എസ്.എഫ്.ഐയില്‍നിന്നു നേരിടേണ്ടി വന്നത്. മയക്കുമരുന്ന് ലോബി മുതല്‍ ഗുണ്ടാത്തലവന്മാര്‍ വരെയുള്ളവരുടെ സഹായത്തോടെയാണ് കാമ്പസുകളില്‍ കുട്ടിസഖാക്കള്‍ വിലസുന്നത്. കാമ്പസുകളില്‍ മയക്കുമരുന്നു വ്യാപിക്കുന്നതില്‍ എസ്.എഫ്.ഐയുടെ പങ്ക് അന്വേഷണ വിധേയമാക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.



