Thursday, April 3, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകണ്ണൂര്‍ എ.ഡി.എം നവീന്‍ ബാബുവിന്റെ മരണം: സമര്‍പ്പിച്ച കുറ്റപത്രത്തില്‍ തൃപ്തിയില്ലെന്ന് കുടുംബം

കണ്ണൂര്‍ എ.ഡി.എം നവീന്‍ ബാബുവിന്റെ മരണം: സമര്‍പ്പിച്ച കുറ്റപത്രത്തില്‍ തൃപ്തിയില്ലെന്ന് കുടുംബം

പത്തനംതിട്ട: കണ്ണൂര്‍ എ.ഡി.എം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ച കുറ്റപത്രത്തില്‍ തൃപ്തിയില്ലെന്ന് കുടുംബം. പി.പി ദിവ്യ മാത്രമാണ് പ്രതിയെന്ന മട്ടിലാണ് അന്വേഷണം നടന്നതെന്നും അതുകൊണ്ടാണ് പോലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് നേരത്തെ പറഞ്ഞതെന്നും അതിന് ശേഷം പ്രത്യേക അന്വേഷണ സംഘം വന്നിട്ടും ഗുണമുണ്ടായില്ലെന്നും കുടുംബം വ്യക്തമാക്കി.

ചെങ്ങളായിയിലെ പെട്രോള്‍ പമ്പിന് അനുമതി കിട്ടാന്‍ കൈക്കൂലി നല്‍കിയെന്ന് ആരോപണമുന്നയിച്ച ടി.വി പ്രശാന്തനെ പ്രതി ചേര്‍ക്കണമെന്നും ഗൂഢാലോചന അന്വേഷിക്കണമെന്നും നവീന്‍ ബാബുവിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രിക്ക് നല്‍കിയെന്ന് പ്രചരിപ്പിച്ച വ്യാജ പരാതിയുടെ ഉറവിടവും കൈക്കൂലി ആക്ഷേപത്തിന്റെ യാഥാര്‍ത്ഥ്യവും പോലീസ് അന്വേഷണപരിധിയിലുണ്ടായില്ല. 97 സാക്ഷികളാണ് കേസിലുള്ളത്. നാനൂറിലധികം പേജുകളുളളതാണ് കുറ്റപത്രം.

”ആദ്യം പൊലീസ് സംഘം അന്വേഷിച്ചതില്‍ നിന്ന് വ്യത്യാസമൊന്നും എസ്‌ഐടിയുടെ അന്വേഷണത്തില്‍ കണ്ടെത്തിയതായി തോന്നുന്നില്ല. വേറൊരു അന്വേഷണ ഏജന്‍സി വേണമെന്ന നിലപാടില്‍ നിയമ പോരാട്ടം തുടരും. സുപ്രീം കോടതിയെ സമീപിക്കും”- കുടുംബം മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ വ്യക്തമാക്കി.

2024 ഒക്ടോബര്‍ 15നാണ് കണ്ണൂര്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബു സര്‍ക്കാര്‍ ക്വട്ടേഴ്‌സില്‍ ജീവനൊടുക്കിയത്. ഗൂഢാലോചനയ്ക്ക് തെളിവില്ലെന്നാണ് പൊലീസ് കണ്ടെത്തല്‍. കൊലപാതകമെന്ന സൂചനകളുമില്ല. അടിവസ്ത്രത്തില്‍ രക്തക്കറ കണ്ടെത്തിയതിലടക്കം അസ്വാഭാവികതയില്ലെന്ന് പരിശോധനാഫലങ്ങള്‍.

എഡിഎമ്മിന്റെ കളക്ടറേറ്റിലെ യാത്രയയപ്പ് യോഗത്തില്‍ അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ പി.പി.ദിവ്യ ഉന്നയിച്ച അഴിമതി ആരോപണത്തിന് പിന്നാലെയായിരുന്നു ആത്മഹത്യ. കേസില്‍ പിപി ദിവ്യയാണ് ഏക പ്രതി. പത്ത് വര്‍ഷം വരെ തടവ് കിട്ടാവുന്ന പ്രേരണാക്കുറ്റമാണ് ദിവ്യക്കെതിരെ ചുമത്തിയത്. കളക്ട്രേറ്റിലെ യാത്രയയപ്പ് യോഗത്തിലേക്ക് ക്ഷണിക്കാതെയെത്തി ദിവ്യ, എഡിഎമ്മിനെ അപമാനിക്കാനുള്ള ആസൂത്രിത നീക്കം നടത്തിയെന്നാണ് കുറ്റപത്രം പറയുന്നത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com