ന്യൂഡൽഹി: കാനഡയിൽ ഇന്ത്യക്കാർ സുരക്ഷിതരല്ലെന്ന് ഇന്ത്യൻ ഹൈകമ്മീഷണർ ദിനേഷ് കെ പട്നായിക്. രാജ്യത്തെ ഇന്ത്യൻ പൗരൻമാരുടെ സുരക്ഷയിൽ ആശയങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സിടിവി ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു ദിനേശ് കെ പട്നായിക്കിന്റെ പരാമർശങ്ങൾ. കാനഡയിലെ ഇന്ത്യക്കാർ സദാ ആശങ്കയിലാണെന്നും ഹൈകമ്മീഷണറായ തനിക്ക് പോലും കനത്ത സുരക്ഷയിൽ പ്രവർത്തിക്കേണ്ട സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇത് ഇന്ത്യക്കാരുടെ മാത്രം പ്രശ്നമായി കാനഡ കാണരുത്. ഇത് കാനഡയുടെ പ്രശ്നമാണ്. സ്ഥിതിഗതികൾ വഷളാക്കുന്നതിന് പിന്നിൽ കനേഡിയൻ പൗരൻമാരാണെന്നും പട്നായിക് പറഞ്ഞു.
ഒരുവിഭാഗം ആളുകൾ ഭീകരത സൃഷ്ടിക്കുകയാണ്. ഇന്ത്യ-കാനഡ നയതന്ത്ര ബന്ധത്തെപ്പോലും ഇവർ കുഴപ്പത്തിലാക്കുന്നു. ഇത്തരക്കാരെയും ഇവരുണ്ടാക്കുന്ന ക്രമസമാധാന സാഹചര്യങ്ങളെയും എങ്ങിനെ കൈകാര്യം ചെയ്യാനാണെന്നും ഖലിസ്ഥാൻ വാദികളെ പരാമർശിക്കവെ പട്നായിക് പറഞ്ഞു.
കാനഡ വിടാൻ നിർബന്ധിതരാകുന്ന ഇന്ത്യക്കാരുടെ എണ്ണം കുത്തനെ ഉയരുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഹൈകമീഷണറുടെ പരാമർശം. 2024ൽ മാത്രം 1,997 ഇന്ത്യക്കാർ കാനഡ വിടാൻ നിർബന്ധിതരായതായാണ് കണക്കുകൾ. 2019ൽ ഇത് 625 മാത്രമായിരുന്നു. കനേഡിയൻ ബോർഡർ സർവീസ് ഏജൻസിയുടെ കണക്കുകൾ പ്രകാരം ജൂലൈ 2025 വരെ മാത്രം 1,891 ഇന്ത്യക്കാർക്കാണ് കാനഡ വിടാൻ നിർദേശം നൽകിയിരിക്കുന്നത്.



