വാഷിങ്ടൻ: വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോ ഉൾപ്പെടെ ഉന്നതർ നേതൃത്വം നൽകുന്നതെന്ന് ആരോപിക്കുന്ന കാർട്ടൽ ഓഫ് ദ് സൺസിനെ വിദേശ ഭീകരസംഘടനയായി പ്രഖ്യാപിച്ച് യുഎസ്. യുഎസിലേക്ക് നിയമവിരുദ്ധ ലഹരിവസ്തുക്കൾ എത്തിക്കുന്നതിനെതിരെയുള്ള ട്രംപ് ഭരണകൂടത്തിന്റെ നടപടികളിലെ ഒടുവിലെ നീക്കമാണിത്. അധോലോക സംഘത്തിന് ഭീകരരെന്ന പേരിൽ ഉപരോധം കൂടി ഏർപ്പെടുത്തിയാണ് നീക്കം.
യുഎസിലേക്ക് നിയമവിരുദ്ധ ലഹരിവസ്തുക്കൾ എത്തിക്കുന്നതിൽ മുഖ്യ പങ്കാണ് കാർട്ടൽ ഓഫ് ദ് സൺസിനുള്ളതെന്ന് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ നേരത്തേ ആരോപിച്ചിരുന്നു. ഇപ്പോൾ വിദേശ ഭീകരസംഘടനയായി മുദ്ര കുത്തിയ മറവിൽ യുഎസ് സൈനിക നടപടിക്കു മുതിർന്നേക്കാമെന്നും സൂചനയുണ്ട്.
ട്രഷറി ഡിപ്പാർട്ട്മെന്റിന്റെ വെബ്‌സൈറ്റിലാണ് ഇതു സംബന്ധിച്ച നോട്ടീസ് പോസ്റ്റു ചെയ്‌തത്.
അതേസമയം, കാർട്ടൽ ഓഫ് ദ് സൺസ് എന്നൊരു സംഘമില്ലെന്നും ഇല്ലാത്ത സംഘത്തെ യുഎസ് ലക്ഷ്യമിടുന്നത് പരിഹാസ്യമാണെന്നും വെനസ്വേല സർക്കാർ പ്രതികരിച്ചു. തങ്ങളുടെ എണ്ണപ്പാടങ്ങളിലാണ് യുഎസിന്റെ കണ്ണെന്നും അതിനായി മഡുറോ സർക്കാരിനെ താഴെയിറക്കാനുള്ള പദ്ധതിയാണു മെനയുന്നതെന്നും വെനസ്വേല പറയുന്നു.



