ലഖ്നൗ: ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ നടക്കുന്ന കുംഭമേളയിൽ സ്ത്രീകൾ കുളിക്കുന്ന ദ്യശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വിൽക്കുന്നതായി കണ്ടെത്തിയതിന് പിന്നാലെ കർശന നടപടിയുമായി ഉത്തർപ്രദേശ് പൊലീസ്. ഇത്തരം ദ്യശ്യങ്ങൾ വില്‍ക്കുന്നവരെയും വാങ്ങുന്നവരെയും അറസ്റ്റ് ചെയ്യുമെന്ന് കുംഭമേളയുടെ ചുമതലയുള്ള ഡിഐജി വൈഭവ് ക്യഷ്ണ എൻഡിടിവിയോട് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് 103 സാമൂഹിക മാധ്യമ അക്കൗണ്ടുകൾ തിരിച്ചറിഞ്ഞുവെന്നും പൊലീസ് സംഘം സാമൂഹിക മാധ്യമങ്ങൾ ക്യത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഐ ടി ആക്റ്റ് പ്രകാരമുള്ള ക്രിമിനല്‍ കുറ്റമാണ് പ്രതികള്‍ ചെയ്തതെന്നും ഡി ഐ ജി പറഞ്ഞു. ഇത്തരം വീഡിയോകള്‍ വില്‍ക്കുന്നവരേയും വാങ്ങുന്നവരേയും അറസ്റ്റ് ചെയ്യും. ഞങ്ങളുടെ സോഷ്യല്‍ മീഡിയാ ടീം നിരന്തരമായി നിരീക്ഷണം നടത്തുന്നുണ്ടെന്നും കര്‍ശനമായ നടപടിയുണ്ടാകുമെന്നും ഡിഐജി പറഞ്ഞു.
ഉത്തര്‍പ്രദേശ് പൊലീസിന്റെ സോഷ്യല്‍ മീഡിയാ നിരീക്ഷണ വിഭാഗമാണ് കുംഭമേളയില്‍ പങ്കെടുക്കാനെത്തിയ സ്ത്രീകള്‍ കുളിക്കുന്നതിന്റേയും വസ്ത്രം മാറുന്നതിന്റേയും വീഡിയോകള്‍ സാമൂഹികമാധ്യമങ്ങളില്‍ വില്‍പ്പനയ്ക്ക് വെച്ചതായി കണ്ടെത്തിയത്. ടെലിഗ്രാമിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടെയുമാണ് ദൃശ്യങ്ങള്‍ വില്‍ക്കാന്‍ ശ്രമിച്ചത്.