കോഴിക്കോട്: പ്രമുഖ വ്യവസായിയും സിനിമ നിർമാതാവുമായ ഗോകുലം ഗോപാലനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) വിശദമായി ചോദ്യം ചെയ്യാൻ ചെന്നൈയിലേക്ക് വിളിപ്പിച്ചു. ചെന്നൈയിലെ ഓഫിസിലേക്ക് എത്രയും വേഗം എത്താനാണ് ഇ.ഡിയുടെ നിർദേശം. കോഴിക്കോട് അരയിടത്തുപാലത്തുള്ള ഗോകുലം ഗ്രാന്റ് കോർപറേറ്റ് ഓഫിസിലെ പരിശോധന പൂർത്തിയായിട്ടുണ്ട്. അതിനിടയിലാണ് ഗോകുലം ഗോപാലനെ ചെന്നൈയിലേക്ക് വിളിപ്പിച്ചത്. തുടർന്ന് അദ്ദേഹം ചെന്നൈയിലേക്ക് പുറപ്പെട്ടു.
ചെന്നൈ കോടമ്പാക്കത്തെ ഗോകുലം ധനകാര്യ സ്ഥാപനങ്ങളിൽ ഇ.ഡി റെയ്ഡ് തുടരുകയാണ്. 1,000 കോടി രൂപയുടെ വിദേശപണം സ്വീകരിച്ചതുമായി ബന്ധപ്പെട്ട് ഫെമ (ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട്, 1999) നിയമ പ്രകാരമാണ് പരിശോധന നടക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
എമ്പുരാൻ സിനിമ ദേശീയതലത്തിൽ വിവാദമായിരിക്കെയാണ് സിനിമയുടെ നിർമാതാക്കളിലൊരാളായ ഗോകുലം ഗോപാലനെ ഇ.ഡി ചോദ്യം ചെയ്യാൻ തീരുമാനിച്ചത്. സിനിമയിലെ ഗുജറാത്ത് വംശഹത്യയെ സൂചിപ്പിച്ച രംഗങ്ങൾ ഹിന്ദുത്വവാദികളെ പ്രകോപിപ്പിച്ചിരുന്നു. തിയേറ്ററിൽ പ്രദർശനം തുടങ്ങിയ ചിത്രം വീണ്ടും റീ എഡിറ്റ് ചെയ്താണ് ഇപ്പോൾ പ്രദർശിപ്പിക്കുന്നത്.
‘എമ്പുരാൻ’ സിനിമ റിലീസായതിന് പിന്നാലെ ഗുജറാത്ത് കലാപം ചിത്രീകരിക്കുന്ന രംഗങ്ങളുടെ പേരിൽ സംഘ്പരിവാർ നേതാക്കൾ കടുത്ത വിദ്വേഷ പ്രസ്താവനകളുമായി രംഗത്തുവന്നിരുന്നു. ലൈയ്ക്ക പ്രൊഡക്ഷൻസ് നിർമാണത്തിൽ നിന്ന് പിന്മാറിയതിനെ തുടർന്നാണ് ഗോകുലം ഗോപാലൻ ‘എമ്പുരാൻ’ ഏറ്റെടുത്തത്. വിവാദമായതോടെ, പ്രേക്ഷകർ സ്നേഹിക്കുന്ന താരങ്ങൾ അഭിനയിച്ച സിനിമ നിന്ന് പോകരുതെന്ന് കരുതിയാണ് എമ്പുരാനുമായി സഹകരിച്ചതെന്ന് ഗോകുലം ഗോപാലൻ പറഞ്ഞിരുന്നു. സിനിമ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അതിൽ വേണ്ട നടപടി സ്വീകരിക്കാൻ സംവിധായകൻ പൃഥ്വിരാജിനോട് പറഞ്ഞിട്ടുണ്ടെന്നും സിനിമ എടുക്കുന്നത് ആരെയും വേദനിപ്പിക്കാനല്ല എന്നും ഗോപാലൻ വിശദീകരിച്ചിരുന്നു. പിന്നാലെ, സിനിമയിൽ പലരംഗങ്ങളിലും കടുംവെട്ട് നടത്തുകയും ചില ഭാഗങ്ങൾ മ്യൂട്ട് ചെയ്യുകയും ചെയ്തു.