കുവൈത്ത് സിറ്റി: കുവൈത്തിൽ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ മറ്റുള്ളവരെ അധാർമ്മിക പ്രവർത്തനങ്ങൾക്ക് പ്രേരിപ്പിച്ചതിന് കുറ്റക്കാരനെന്ന് കണ്ടെത്തിയ കുവൈത്തി പൗരന് മൂന്ന് വർഷം കഠിന തടവും 3,000 ദിനാർ പിഴയും ചുമത്തിയ വിധി അപ്പീൽ കോടതി ശരിവച്ചു. വനിതാ ഗായികയായി ചമഞ്ഞ് താൻ ഒരു സ്ത്രീയാണെന്ന് വിശ്വസിപ്പിച്ച് ഇയാൾ അനുയായികളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.ആഭ്യന്തര മന്ത്രാലയം പ്രതിയുടെ വഞ്ചനാപരമായ ഓൺലൈൻ പ്രവർത്തനങ്ങൾ കണ്ടെത്തി അറസ്റ്റ് ചെയ്തതിനെ തുടർന്നാണ് കേസ് പുറത്ത് വന്നത്. ക്രിമിനൽ കോടതിയിലെ ആദ്യ വിചാരണയിൽ പ്രതി കുറ്റങ്ങൾ സമ്മതിക്കുകയും തന്റെ പ്രവൃത്തികളിൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. എന്നാൽ, കോടതി ഇയാളെ മൂന്ന് വർഷം കഠിന തടവിന് ശിക്ഷിക്കുകയും പിഴ ചുമത്തുകയും ചെയ്തു. പ്രതി പിന്നീട് ഈ വിധിക്ക് എതിരെ അപ്പീൽ നൽകി. പക്ഷേ അപ്പീൽ കോടതി വിധി ശരിവയ്ക്കുകയായിരുന്നു.



