കുവൈത്ത് സിറ്റി: കുവൈത്തിൽ മൂന്ന് അമേരിക്കൻ എഫ്-15ഇ യുദ്ധവിമാനങ്ങൾ തകർന്നുവീണു. കുവൈത്തിന്റെ വ്യോമ പ്രതിരോധ സംവിധാനം അബദ്ധത്തിൽ ഈ വിമാനങ്ങൾക്ക് നേരെ വെടിയുതിർത്തതാണെന്ന് യു.എസ് സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചു. വിമാനത്തിലുണ്ടായിരുന്ന ആറ് പൈലറ്റുമാരും പാരച്യൂട്ട് വഴി സുരക്ഷിതരായി ലാൻഡ് ചെയ്തു.
ഇറാനിൽ നിന്നുള്ള മിസൈലുകളെയും ഡ്രോണുകളെയും നേരിടുന്നതിനായി കുവൈറ്റ് വ്യോമ പ്രതിരോധം അതീവ ജാഗ്രതയിലായിരുന്നു. ഇതിനിടെ, അമേരിക്കൻ വിമാനങ്ങളെ ശത്രുവിമാനങ്ങളാണെന്ന് തെറ്റിദ്ധരിച്ച് കുവൈത്ത് സേന വെടിവെച്ചിടുകയായിരുന്നു എന്നാണ് റിപ്പോർട്ട്. മൂന്ന് വിമാനങ്ങളിലുമായി ഉണ്ടായിരുന്ന ആറ് വ്യോമസേനാ ഉദ്യോഗസ്ഥരും പാരച്യൂട്ട് വഴി സുരക്ഷിതമായി താഴെയിറങ്ങി. ഇവരെ കുവൈറ്റ് സേന രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചു. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ്.
ആകാശത്തുനിന്ന് തീഗോളമായി കത്തിയമർന്ന് കറങ്ങി താഴേക്ക് വീഴുന്ന യുദ്ധവിമാനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. വിമാനം തകരുന്നതിന് തൊട്ടുമുമ്പ് പൈലറ്റുമാർ ഇജക്ട് ചെയ്യുന്നതും വിഡിയോയിൽ വ്യക്തമാണ്. വിമാനത്തിന്റെ അവശിഷ്ടങ്ങൾ മിന അൽ അഹ്മദി റിഫൈനറിക്ക് സമീപമാണ് വീണത്. ഇതിനെത്തുടർന്ന് രണ്ട് തൊഴിലാളികൾക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. അബദ്ധം സംഭവിച്ചതാണെന്ന് കുവൈത്ത് സമ്മതിച്ചിട്ടുണ്ടെന്നും പൈലറ്റുമാരെ രക്ഷപ്പെടുത്താൻ സഹായിച്ച കുവൈറ്റ് സേനയോട് നന്ദിയുണ്ടെന്നും പെന്റഗൺ പ്രസ്താവനയിൽ പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്.



