കുവൈത്ത്സിറ്റി: കുവൈത്തിൽ വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 23 ആയി. ഇതിൽ ഭൂരിഭാഗവും ഇന്ത്യയിൽ നിന്നുള്ളവരാണ്. ആശുപത്രിയിൽ ചികിൽസ തേടിയവരുടെ എണ്ണം 160 ആയി. മരിച്ചവരിൽ കണ്ണൂർ സ്വദേശിയുൾപ്പടെ 6 മലയാളികളെന്നാണ് ഇപ്പോഴും ലഭിക്കുന്ന വിവരം. എന്നാൽ, കൂടുതൽ മലയാളികൾ ഉണ്ടെന്നാണ് അനൗദ്യോഗിക വിവരം. മരിച്ചവരുടെ പേരുവിവരങ്ങൾ പുറത്തു വിടുന്നതിൽ കർശന നിയന്ത്രണങ്ങളുണ്ട്. ഇന്ത്യൻ എംബസിയും മരിച്ചവരുടെ പേരുകൾ പ്രസിദ്ധീകരിച്ചിട്ടില്ല.
വിഷമദ്യ ദുരന്തമായതിനാലും മദ്യം ഉപയോഗിക്കുന്നതിനു രാജ്യത്തു സമ്പൂർണ വിലക്കുള്ളതിനാലും ദുരന്തത്തിനിരയായവർ അവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കാനാണ് താൽപര്യപ്പെടുന്നത്. മരിച്ചവരുടെ പേരു പുറത്തു വരുമ്പോൾ പോലും മരണകാരണം രഹസ്യമാക്കി വയ്ക്കുകയാണ്. അതുകൊണ്ടു തന്നെ വിഷമദ്യ ദുരന്തവുമായി ബന്ധപ്പെട്ട മരിച്ചവരുടെ കൃത്യമായ വിവരങ്ങൾ ഇപ്പോഴും അവ്യക്തമാണ്.
മരിച്ചവരുടെ എണ്ണം 23 ആയതായി കുവൈത്ത് ആരോഗ്യ മന്ത്രാലയമാണ് അറിയിച്ചിരിക്കുന്നത്. ആശുപത്രിയിൽ ചികിൽസ തേടിയവരുടെ എണ്ണവും ആരോഗ്യ മന്ത്രാലയമാണ് പുറത്തുവിട്ടത്. ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലുള്ള ഭൂരിഭാഗം പേരും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരിക്കുന്നത്. പലർക്കും ഡയാലിസിസും ചെയ്യുന്നുണ്ട്. രാജ്യമെമ്പാടും അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്. പരിശോധനകൾ തുടരുന്നുണ്ട്. എവിടെയെങ്കിലും വിഷമദ്യ ഉപയോഗവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ആരോഗ്യവകുപ്പിനെ അറിയിക്കണമെന്നും നിർദേശമുണ്ട്.
കുവൈത്തിൽ വ്യാജമദ്യ ദുരന്തത്തിൽ മരിച്ച 23 പേരിൽ കണ്ണൂർ സ്വദേശിയായ യുവാവും ഉൾപ്പെട്ടിട്ടുണ്ടെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഇരിണാവിലെ പൊങ്കാരൻ സച്ചിനാണ് (31) മരിച്ചത്. 3 വർഷമായി കുവൈത്തിൽ ജോലി ചെയ്യുന്ന സച്ചിൻ ഏതാനും മാസം മുൻപാണ് നാട്ടിൽ വന്നു മടങ്ങിയത്.
മൃതദേഹം നാളെ നാട്ടിലെത്തിക്കുമെന്നു ബന്ധുക്കൾ അറിയിച്ചു. പുലർച്ചെ കോഴിക്കോട് വിമാനത്താവളത്തിലെത്തിക്കുന്ന മൃതദേഹം രാവിലെ 8നു വീട്ടിലെത്തിക്കും. സംസ്കാരം പിന്നീട്. ഭാര്യ ഷിബിന (ഹുസ്ന ഡ്രൈവിങ് സ്കൂൾ, വളപട്ടണം). മകൾ സിയ. ഇരിണാവ് സി.ആർ.സി.ക്കു സമീപം പൊങ്കാരൻ മോഹനന്റെയും ഗിരിജയുടെയും മകനാണ്. സഹോദരൻ സരിൻ (ഗൾഫ്).



