തൃശൂർ: കൂടൽമാണിക്യം ക്ഷേത്രത്തിൽ ഈഴവനായതിനാൽ കഴക ജോലിയിൽ നിന്നും മാറ്റി നിർത്തി ബാലുവിൻ്റെ തസ്തിക മാറ്റി നൽകണമെന്ന് ആവശ്യപ്പെട്ടുള്ള കത്ത് ലഭിച്ചെന്ന് കൂടൽമാണിക്യം ദേവസ്വം ചെയർമാൻ സി കെ ഗോപി. കത്തിൽ വിശദീകരണം ആവശ്യപ്പെടുമെന്നും തസ്തിക മാറ്റത്തിനുള്ള കാരണം വ്യക്തമാക്കാനാണ് വിശദീകരണം തേടുന്നതെന്നും ചെയർമാൻ അറിയിച്ചു. വിഷയത്തിൽ അടുത്ത ആഴ്ച യോഗം ചേരും. യോഗത്തിൽ കത്ത് ചർച്ച ചെയ്യും.താൽക്കാലിക വർക്ക് അറേഞ്ച്മെൻ്റിന് അഡ്മിനിസ്ട്രേറ്റർ ക്ക് അധികാരം ഉണ്ട്. താൽക്കാലിക വർക്ക് അറേഞ്ച്മെൻ്റ് ചെയ്തതിൽ തെറ്റില്ല.പക്ഷെ വർക്ക് അറേഞ്ച്മെന്റിൽ ഭരണസമിതിക്ക് യോജിപ്പില്ല. പ്രതിഷ്ഠാദിനം തടസ്സപ്പെടുത്താതിരിക്കാൻ എടുത്ത തീരുമാനം മാത്രമാണ്.മന്ത്രിയുടെ ഓഫീസിൽ നിന്നും വിശദീകരണം തേടിയിട്ടുണ്ട് എന്നും ചെയർമാൻ സി കെ ഗോപി അറിയിച്ചു.ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ കഴക ജോലികൾക്കായി ആളെ നിയമിക്കുന്നതിന് ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് പരീക്ഷ നടത്തിയിരുന്നു. ഇത് വിജയിച്ചാണ് തിരുവനന്തപുരം ആര്യനാട് സ്വദേശി ബാലു ജോലിയിൽ പ്രവേശിച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരി 21ന് ഇദ്ദേഹം ചുമതലയേറ്റു. ഇതിന് പിന്നാലെയാണ് വിവാദം ഉയർന്നത്