തിരുവനന്തപുരം: കെപിസിസി പുനസംഘടനയ്ക്ക് ഒരുങ്ങി ഹൈക്കമാൻ്റ്. പുനസംഘടന അനിവാര്യം എന്നാണ് കേന്ദ്ര നേതൃത്വത്തിൻ്റെ വിലയിരുത്തൽ. പുനസംഘടന സംബന്ധിച്ച് കേന്ദ്ര നേതൃത്വം സംസ്ഥാനത്തെ പ്രധാന നേതാക്കളുമായി ചർച്ച നടത്തും. കൂടുതൽ ചർച്ചകൾക്കായി എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി കേരളത്തിലേക്ക് എത്തും. സംഘടന ശക്തിപ്പെടുത്താനാണ് കേന്ദ്ര നേതൃത്വത്തിൻ്റെ തീരുമാനം. പരിചയ സമ്പന്നരും യുവാക്കളും നേതൃത്വത്തിലേക്ക് വരും. പുനസംഘടനയിലൂടെ പാർട്ടിയെ ഊർജ്ജസ്വലമാക്കാനാണ് നേതൃത്വം ലക്ഷ്യമിടുന്നത്.
കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട കോൺഗ്രസിലെ ആശയക്കുഴപ്പം സംബന്ധിച്ച് നേരത്തെ വാർത്തകളുണ്ടായിരുന്നു. കെ സുധാകരനെ അധ്യക്ഷ പദവിയിൽ നിലനിർത്തണമെന്നായിരുന്നു ഒരു വിഭാഗത്തിൻ്റെ ആവശ്യം. ലോക്സഭാ, ഉപതിരഞ്ഞെടുപ്പ് ഫലങ്ങളുടെ അടിസ്ഥാനത്തിൽ കെ സുധാകരൻ തന്നെ തുടരട്ടെ എന്നായിരുന്നു സുധാകരനെ അനുകൂലിക്കുന്നവർ നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നു. രമേശ് ചെന്നിത്തല, കെ മുരളീധരൻ, ചാണ്ടി ഉമ്മൻ തുടങ്ങിയവരെല്ലാം സുധാകരനെ മാറ്റേണ്ട സാഹചര്യമില്ലെന്ന് പരസ്യമായി നിലപാട് സ്വീകരിച്ചിരുന്നു. എന്നാൽ കെ സുധാകരനെ മാറ്റാതെ പുനഃസംഘടന പൂർണമാകില്ലെന്നായിരുന്നു മറ്റൊരു വിഭാത്തിൻ്റെ വാദം.പുനസംഘടനയുമായി ബന്ധപ്പെട്ട വാദപ്രതിവാദങ്ങൾ ശക്തമായതോടെ കോൺഗ്രസ് അത്തരമൊരു ആലോചന നടത്തിയിട്ടില്ലെന്ന വാദവുമായി കോൺഗ്രസ് നേതാക്കൾ തന്നെ നേരത്തെ രംഗത്ത് വന്നിരുന്നു.