തിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷ സ്ഥാനം സംബന്ധിച്ച് കെ. സുധാകരനെ പിന്തുണച്ച് കെ. മുരളീധരൻ. കെ.പി.സി.സി അധ്യക്ഷനെ ഇപ്പോൾ മാറ്റേണ്ട കാര്യമില്ലെന്ന് കെ. മുരളീധരൻ വ്യക്തമാക്കി.
അധ്യക്ഷനെ നിലനിർത്തി വേണം പാർട്ടി പുനഃസംഘടന. പാർട്ടി എന്ത് തീരുമാനിച്ചാലും അംഗീകരിക്കും. പുനഃസംഘടനക്ക് പറ്റിയ സമയം ഇതാണെന്നും ഒരു അതൃപ്തിയും ഇല്ലെന്നും മുരളീധരൻ വ്യക്തമാക്കി.
തൃപ്തി ഉള്ളവർക്കേ അതൃപ്തി ഉണ്ടാകൂവെന്നും കുറെ കാലമായി തൃപ്തിയില്ലെന്നും കെ. മുരളീധരൻ ചൂണ്ടിക്കാട്ടി.
അതേസമയം, കെ.പി.സി.സി പ്രസിഡന്റ് ആരാകണമെന്ന കാര്യം പാർട്ടി ഹൈകമാൻഡാണ് തീരുമാനിക്കേണ്ടതെന്ന് കഴിഞ്ഞ ദിവസം കെ. സുധാകരൻ പ്രതികരിച്ചത്. തന്നെ നീക്കണമോ വേണ്ടയോ എന്ന കാര്യം ദേശീയ നേതൃത്വമാണ് തീരുമാനിക്കേണ്ടതെന്നും സുധാകരൻ വ്യക്തമാക്കി.
തനിക്ക് ഒരു പരാതിയുമില്ല. തീരുമാനം എന്തായാലും അച്ചടക്കമുള്ള പാർട്ടി പ്രവർത്തകൻ എന്ന നിലയിൽ അംഗീകരിക്കും. ഒരു പാർട്ടി പ്രവർത്തകൻ എന്ന നിലയിൽ പാർട്ടി എല്ലാ പദവികളും തന്നിട്ടുണ്ട്. പരിപൂർണമായും തൃപ്തമായ മനസ്സിനുടമയാണ് താൻ. മാനസികമായ ഒരു സംഘർഷവും ആശങ്കയുമില്ലെന്നും കെ. സുധാകരൻ കൂട്ടിച്ചേർത്തു



