തിരുവനന്തപുരം: കേരളത്തെ 20 വർഷം പിന്നോട്ടടിച്ചത് ഇടതുപക്ഷമെന്ന് ശശി തരൂർ ഏഷ്യാനെറ്റ് ന്യൂസിനോട്. മൊബൈൽ ഫോൺ വന്നപ്പോഴും കമ്പ്യൂട്ടർ വന്നപ്പോഴും അവർ എതിർത്തെന്നും പുരോഗതിക്ക് വേണ്ടി സംസാരിക്കുന്നവർ കുറച്ചു വൈകിയിട്ടാണ് യാഥാർത്ഥ്യം കണ്ടുപിടിക്കുകയെന്നും തരൂർ പറഞ്ഞു. കേരളത്തിൽ മാത്രമാണ് സ്വകാര്യ സർവകലാശാലകൾ ഇല്ലാത്തത്. ഇടതുപക്ഷം കാരണമാണ് ഇതുവരെ ഒഴിവായി നിന്നത്. അതിൽ അർത്ഥമില്ല. കുട്ടികൾ കേരളം വിട്ട് പുറത്ത് പഠിക്കാൻ പോകുന്നു. എന്തിനാണ് ഇത്ര വർഷം കാത്തിരുന്നത് എന്നാണ് ചോദ്യം. ഇപ്പോൾ ചെയ്തത് നന്നായി എന്നും തരൂർ പറഞ്ഞു.
മുൻപുള്ള പ്രതികരണങ്ങൾ വിമർശനത്തിനിടയാക്കിയത് കൊണ്ടാണോ മുൻകരുതലോട് കൂടിയുള്ള ഈ പ്രതികരണം എന്ന ചോദ്യത്തിന് ‘ഞാൻ സ്വതന്ത്ര അഭിപ്രായം പറയുന്ന വ്യക്തിയാണെന്നാ’യിരുന്നു തരൂരിന്റെ മറുപടി. ”ഞാൻ സർക്കാരിന് വേണ്ടി അല്ല പറയുന്നത്. കേരളത്തിനു വേണ്ടിയും കേരളത്തിലെ യുവാക്കൾക്കും വേണ്ടിയാണ് സംസാരിച്ചത്. തൊഴിൽ സാധ്യത അത്യാവശ്യമാണ്. സ്റ്റാർട്ടപ്പുകൾ വരുന്നത് അതിനു നല്ലതാണ്. ഇത് സത്യമാണെങ്കിൽ നല്ലതാണ് എന്നാണ് ഞാൻ പറഞ്ഞത്. അത് പറയുന്നതിൽ എന്തിനാണ് നാണക്കേട്. ഇതുപോലെ നല്ല കാര്യങ്ങൾ ഞങ്ങളുടെ സർക്കാർ കൊണ്ടുവന്നിട്ട് അവർ പ്രതിപക്ഷത്തിരുന്ന് എതിർത്താൽ ചൂണ്ടിക്കാണിക്കേണ്ടിവരും.” തരൂർ വിശദമാക്കി.