വാഷിങ്‌ടൻ: കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ നിയമവിരുദ്ധ ലഹരിമരുന്ന് നേതാവാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ലഹരിമരുന്ന് നിയന്ത്രണ ബാധ്യതകൾ നിറവേറ്റുന്നതിൽ പരാജയപ്പെട്ട കൊളംബിയയുടെ രാഷ്ട്രീയ നേതൃത്വത്തെ ട്രംപ് കുറ്റപ്പെടുത്തി. ദക്ഷിണ അമേരിക്കൻ രാജ്യത്തിന് നൽകിവരുന്ന വലിയ തോതിലുള്ള ധനസഹായങ്ങളും സബ്‌സിഡികളും നിർത്തലാക്കുമെന്നും ട്രംപ് പറഞ്ഞു.
‘യുഎസിൽ വിൽക്കുകയെന്ന ലക്ഷ്യത്തോടെയാണ് കൊളംബിയ വൻതോതിൽ ലഹരിമരുന്ന് ഉൽപ്പാദിപ്പിക്കുന്നത്. ഇത് യുഎസിൽ മരണങ്ങളും അരാജകത്വവും ഉണ്ടാകാൻ കാരണമാകുന്നു’ – ട്രംപ് സമൂഹമാധ്യമത്തിൽ കുറിച്ചു. ലഹരിമരുന്ന് വിരുദ്ധ കരാറുകൾ പാലിക്കുന്നതിൽ കഴിഞ്ഞ വർഷം പരാജയപ്പെട്ട രാജ്യങ്ങളുടെ പട്ടികയിൽ അഫ്ഗാനിസ്ഥാൻ, ബൊളീവിയ, മ്യാൻമർ, വെനസ്വേല എന്നീ രാജ്യങ്ങൾക്കൊപ്പം കൊളംബിയയെയും ട്രംപ് സെപ്‌റ്റംബറിൽ ഉൾപ്പെടുത്തിയിരുന്നു.
യുഎസ് ഒരുകാലത്ത് വലിയ തോതിൽ ധനസഹായം നൽകിയിരുന്ന രാജ്യങ്ങളിൽ ഒന്നായിരുന്നു കൊളംബിയ. എന്നാൽ യുഎസ് സർക്കാരിന്റെ മാനുഷിക സഹായ വിഭാഗമായ യുഎസ്എയ്ഡ് (USAID) അടച്ചുപൂട്ടിയതിനെത്തുടർന്ന് ഈ വർഷം സഹായങ്ങൾ നിലച്ചു. ട്രംപ് വീണ്ടും അധികാരത്തിലെത്തിയതോടെയാണ് യുഎസും കൊളംബിയയും തമ്മിലുള്ള ബന്ധം വഷളായത്.



