കോട്ടയം: കോട്ടയം നഴ്സിംഗ് കോളേജ് റാഗിംഗ് കേസിൽ ഇന്ന് കുറ്റപത്രം സമർപ്പിക്കും. 40 ഓളം സാക്ഷികളും 32 രേഖകളും ഉൾപ്പടെയുള്ളതാണ് കുറ്റപത്രം. 45 ദിവസം കൊണ്ട് പൂര്‍ത്തിയാക്കിയ കുറ്റപത്രം ഇന്ന് ഉച്ചയോടെ ആയിരിക്കും പൊലീസ് കോടതിയിൽ സമർപ്പിക്കുക. വീഡിയോ ചിത്രീകരിച്ച മൊബൈൽ ഫോൺ പ്രധാന തെളിവായിട്ടാണ് കണക്കാക്കിയിരിക്കുന്നത്.
കോട്ടയം മൂന്നിലവ് സ്വദേശി സാമുവല്‍, വയനാട് നടപയല്‍ സ്വദേശി ജീവ, മലപ്പുറം മഞ്ചേരി സ്വദേശി റിജുല്‍ ജിത്ത്, മലപ്പുറം വണ്ടൂര്‍ സ്വദേശി രാഹുല്‍ രാജ്, കോട്ടയം കോരിത്തോട് സ്വദേശി വിവേക് എന്നിവരാണ് കേസില്‍ പ്രതികള്‍. കൊലപാതകത്തിന് തുല്യമായ കൊടുംക്രൂരതയാണ് ജൂനിയര്‍ വിദ്യാര്‍ത്ഥികളോട് കാണിച്ചത് എന്നാണ് കുറ്റപത്രത്തില്‍ പറയുന്ന പ്രധാനകാര്യം.
ഇരകളായ ആറ് പേരും കേസില്‍ സാക്ഷികളാണ്.
പ്രതികള്‍ ജാമ്യാപേക്ഷയും മുന്‍കൂര്‍ ജാമ്യാപേക്ഷയുമെല്ലാം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇവര്‍ക്ക് ജാമ്യം അനുവദിച്ചിരുന്നില്ല. നിലവില്‍ ഇവര്‍ റിമാന്‍ഡിലാണ്. കുറ്റപത്രം സമര്‍പ്പിക്കുന്നതോടെ കേസ് വിചാരണയിലേക്ക് കടക്കും. കേരള മനസാക്ഷിയെ ഞെട്ടിച്ച ഒരു കേസായിരുന്നു കോട്ടയം സര്‍ക്കാര്‍ നഴ്സിങ് കൊളേജിലെ റാഗിങ് കേസ്. ശരീരമാകെ കോമ്പസ് കൊണ്ട് കുത്തി മുറിവേല്‍പ്പിച്ചെന്നും സ്വകാര്യ ഭാഗത്ത് ഡമ്പല്‍ അമര്‍ത്തിയെന്നുമുള്ള പീഡനം ആയിരുന്നു കുട്ടികൾ നേരിട്ടത്. സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ കട്ടിലില്‍ കെട്ടിയിട്ട് ക്രൂരമായി ഉപദ്രവിക്കുന്നതിന്റെ ഭീതിദമായ ദൃശ്യങ്ങളും അതിൽ ഉണ്ട്. കുട്ടികളുടെ ശരീരത്തില്‍ കോമ്പസ് കൊണ്ട് കുത്തി മുറിവുണ്ടാക്കിയ ശേഷം മുറിവില്‍ ബോഡി ലോഷന്‍ ഒഴിച്ച് കൂടുതല്‍ വേദനിപ്പിക്കുന്നതായും പകർത്തിയ ദൃശ്യങ്ങളിൽ കാണാം. ഇതെല്ലാം പ്രധാന തെളിവുകളാണ്.