പട്ന ∙ പ്രതിപക്ഷ ‘ഇന്ത്യ’ മുന്നണിയുമായി ബന്ധപ്പെട്ട് കോൺഗ്രസിനെതിരെ പരസ്യവിമർശനം നടത്തിയ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ അനുനയിപ്പിക്കാൻ ആർജെഡി – കോൺഗ്രസ് ശ്രമം. കോൺഗ്രസിന് ‘ഇന്ത്യ’ മുന്നണിയേക്കാൾ താൽപര്യം നിയമസഭാ തിരഞ്ഞെടുപ്പുകളിലാണെന്നായിരുന്നു നിതീഷിന്റെ കുറ്റപ്പെടുത്തൽ. നിതീഷിന്റെ പരാമർശം ‘ഇന്ത്യ’ മുന്നണിയിലെ അനൈക്യത്തിനു തെളിവായി ബിജെപി ഉയർത്തിക്കാട്ടിയതോടെയാണ് പ്രശ്ന പരിഹാരത്തിനായി ആർജെഡി – കോൺഗ്രസ് നേതൃത്വം ശ്രമമാരംഭിച്ചത്.
ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവും ഉപമുഖ്യമന്ത്രി തേജസ്വി യാദവും നിതീഷ് കുമാറിനെ വസതിയിൽ സന്ദർശിച്ച് പരസ്യ വിമർശനം ഒഴിവാക്കാൻ അഭ്യർഥിച്ചു. തുടർന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഫോണിൽ നിതീഷുമായി സംസാരിച്ചു.
യുപിയിൽ സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും കോൺഗ്രസുമായി ഇടഞ്ഞു നിൽക്കുകയാണ്. മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ജെഡിയു,എസ് പി കക്ഷികളെ മുന്നണിയിൽ ഉൾപ്പെടുത്തി സീറ്റു പങ്കിടാൻ കോൺഗ്രസ് വിസമ്മതിച്ചതാണ് നിതീഷിനെയും അഖിലേഷിനെയും പ്രകോപിപ്പിച്ചത്. മധ്യപ്രദേശിൽ എസ്പി, ജെഡിയു കക്ഷികൾ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് മുന്നണിയുടെ ഭാഗമല്ലാതെ മൽസര രംഗത്തുണ്ട്.