ന്യൂഡൽഹി: വോട്ടു കവർച്ചക്കും തെരഞ്ഞെടുപ്പ് കമീഷന്റെ അഴിമതിക്കും എതിരായ കോൺഗ്രസിന്റെ പേരാട്ടത്തിന് കരുത്തുപകരുന്നതാണ് ബിഹാർ വോട്ടർപട്ടിക തീവ്ര പരിശോധന (എസ്.ഐ.ആർ) ക്കെതിരായ കേസിലെ സുപ്രീംകോടതി വിധിയെന്ന് കേസിലെ ഹരജിക്കാരൻ കൂടിയായ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ.
ബിഹാറിലെ തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കാനും ദുരുപയോഗം ചെയ്യാനും ശ്രമിച്ച കേന്ദ്ര സര്‍ക്കാറിന് ശക്തമായ താക്കീതാണ് സുപ്രീംകോടതി വിധിയെന്നും ഇത് ജനാധിപത്യത്തിന്റെ വിജയമാണെന്നും കെ.സി പറഞ്ഞു. വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്ത 65 ലക്ഷത്തോളം ആളുകളുടെ പേര്, അവരെ നീക്കം ചെയ്യാനുണ്ടായ കാരണം എന്നിവ വെളിപ്പെടുത്തണമെന്ന കോടതി വിധി സ്വാഗതാര്‍ഹമാണ്. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പ്രധാനമായും ഉന്നയിച്ചത് ഇലക്ട്രോണിക്‌സ് വോട്ടര്‍ പട്ടിക നല്‍കണമെന്നാണ്. അതാണിപ്പോള്‍ സുപ്രീംകോടതി വ്യക്തമായി നിര്‍ദേശിച്ചിരിക്കുന്നത്. പ്രത്യേക വോട്ടര്‍ പട്ടിക പുതുക്കല്‍ പ്രക്രിയയുടെ സുതാര്യത ഉറപ്പാക്കാന്‍ ഏറെ സഹായകരമാണ് സുപ്രീംകോടതി വിധി. ആധാര്‍ സ്വീകരിക്കില്ലെന്ന തെരഞ്ഞെടുപ്പ് കമീഷന്റെ നിലപാട് കോടതി തള്ളിക്കളഞ്ഞത് വലിയൊരു നേട്ടമാണെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു.
ആഗസ്റ്റ് ഒന്നിന് പുറത്തിറക്കിയ ബിഹാറിലെ കരട് വോട്ടർപട്ടികയിൽ നിന്ന് 65 ലക്ഷം പേരെ ഒഴിവാക്കിയത് എങ്ങനെയെന്ന് സുപ്രീംകോടതി തെരഞ്ഞെടുപ്പ് കമീഷനോട് ചോദിച്ചു. ചൊവ്വാഴ്ചക്കകം ഒഴിവാക്കിയവരുടെ പട്ടിക പ്രസിദ്ധീകരിക്കണമെന്നാണ് നിർദേശം. ബിഹാറിൽ ഏറ്റവും കൂടുതൽ പ്രചാരമുള്ള പത്രങ്ങളിൽ പട്ടിക പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച് പരസ്യം നൽകണം. ദൂരദർശനിലും റേഡിയോ ചാനലുകളിലും ഇത് സംബന്ധിച്ച പ്രക്ഷേപണം വേണമെന്നും നിർദേശിച്ചിട്ടുണ്ട്. ജില്ലാ ഇലക്ടറൽ ഓഫിസർമാരുടെ സമൂഹ മാധ്യമ അക്കൗണ്ടുകളിലും അറിയിപ്പ് പ്രസിദ്ധപ്പെടുത്തണം. കോടതിയുടെ നിർദേശങ്ങൾ തെരഞ്ഞെടുപ്പ് കമീഷൻ അംഗീകരിച്ചിട്ടുണ്ട്.
ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ തെരഞ്ഞെടുപ്പ് കമീഷൻ നടത്തുന്ന വോട്ടർ പുനഃപരിശോധന പ്രക്രിയയെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജികൾ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.



