Saturday, November 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകോൺഗ്രസില്ലാതെ ഇന്ത്യ ഇല്ല; അഞ്ച്​ ശതമാനം വോട്ട്​ മതി, എല്ലാം മാറ്റിമറിക്കാൻ -ശശി തരൂർ

കോൺഗ്രസില്ലാതെ ഇന്ത്യ ഇല്ല; അഞ്ച്​ ശതമാനം വോട്ട്​ മതി, എല്ലാം മാറ്റിമറിക്കാൻ -ശശി തരൂർ

നാല്​ സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ദയനീയ പ്രകടനം പുറത്തെടുത്ത കോൺഗ്രസിന്‍റെ രാഷ്ട്രീയഭാവി അപകടത്തിലാണെന്ന പ്രചരണങ്ങൾക്കിടെ പ്രതിരോധവുമായി ശശി തരൂർ എം.പി. ദേശീയമാധ്യമത്തിൽ എഴുതിയ ലേഖനത്തിലാണ്​ തരൂർ മറുവാദങ്ങൾ ഉയർത്തിയത്​. കോൺഗ്രസില്ലാതെ ഇന്ത്യ ഇല്ലെന്നും അഞ്ച്​ ശതമാനം വോട്ട്​ കൂടിയാൽ ചിത്രം വേറെയാകുമെന്നും തരൂർ കുറിച്ചു.

‘നിയമസഭാ തിരഞ്ഞെടുപ്പുഫലങ്ങളോടെ വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സാധ്യത തീർത്തും ഇല്ലാതായെന്നും ഹിന്ദി ബെൽറ്റുകളിൽ പാർട്ടിയുടെ കഥ കഴിഞ്ഞെന്നുമാണു മിക്കവരും പറയുന്നത്. ‘കോൺഗ്രസ് മുക്ത ഭാരതം’ ആയിരുന്നല്ലോ 2014ൽ നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പു മുദ്രാവാക്യങ്ങളിലൊന്ന്. 2024ൽ അദ്ദേഹം ആ ലക്ഷ്യം നേടാൻ പോവുകയാണെന്നാണോ കരുതേണ്ടത്? അത്ര വേഗത്തിൽ അതു നടക്കില്ല സുഹൃത്തുക്കളേ എന്നു തന്നെയാണ് എനിക്കു പറയാനുള്ളത്’-തരുർ കുറിച്ചു.

കോൺഗ്രസില്ലാതെ ഇന്ത്യ ഇല്ല

‘സുപ്രധാനമായൊരു വസ്തുത അടിവരയിട്ടു പറയേണ്ടതുണ്ട്: കോൺഗ്രസില്ലാതെ ഇന്ത്യ ഇല്ല. കോൺഗ്രസ് എവിടെ നിൽക്കുന്നു എന്നതും എന്തിനുവേണ്ടി നിലകൊള്ളുന്നു എന്നതും ഇന്ത്യയുടെ നിലനിൽപിനും പുരോഗതിക്കും അത്രയേറെ അത്യാവശ്യമാണ്. സ്വാതന്ത്ര്യ സമരത്തിന്​ നേതൃത്വം നൽകുകയും രാജ്യത്തിന്​ സ്വാതന്ത്ര്യം നേടിത്തരികയും ചെയ്ത പാർട്ടിയാണ് എന്നതു മാത്രമല്ല കാരണം. 2019ലെ തോൽവിയിലും 12 കോടി വോട്ട് നേടിയിരുന്നു എന്നതും പാർലമെന്റിലെ നാമമാത്രമായ അംഗസംഖ്യയുടെ പല മടങ്ങ് ജനപിന്തുണ പുറത്തുണ്ട് എന്നതുമല്ല കാരണം. ഇന്ത്യയെ മുഴുവൻ ഒന്നായിക്കാണാൻ കഴിയുന്ന ഒരേ ഒരു പാർട്ടിയാകുന്നു കോൺഗ്രസ് എന്നതാണ് കാരണം’-തരൂർ എഴുതുന്നു.

വെറുമൊരു രാഷ്ട്രീയ പാർട്ടിയല്ല കോൺഗ്രസ്

‘ഈ രാജ്യത്തിന്റെ ചരിത്രത്തിനും സംസ്‌കാരത്തിനും സംഭാവന നൽകിയ എല്ലാവരുടേതുമാണ് ഇന്ത്യ എന്നതും ഇവിടത്തെ ന്യൂനപക്ഷങ്ങളുടെ ക്ഷേമവും അവകാശങ്ങളും സംരക്ഷിക്കേണ്ടതു ഭൂരിപക്ഷ സമുദായത്തിന്റെ ബാധ്യതയാണ് എന്നതും കോൺഗ്രസിന്റെ അടിസ്ഥാന ബോധ്യങ്ങളാണ്. വെറുമൊരു രാഷ്ട്രീയ പാർട്ടിയല്ല കോൺഗ്രസ്; ദേശീയ പ്രസ്ഥാനത്തിന്റെ ചൂളയിൽ ഉരുവംകൊണ്ടൊരു ആദർശമാണ്. ഭരണകൂടത്തിന്റെ നയങ്ങളിലായാലും വ്യക്തിജീവിതത്തിലെ ശീലങ്ങളിലായാലും ജാതി–മത–വംശ–ഭാഷാ ഭേദമെന്യേ എല്ലാവരെയും ചേർത്തുപിടിക്കുന്നൊരു ഇന്ത്യ എന്ന ആശയത്തിനു വേണ്ടിയാണു കോൺഗ്രസ് നിലകൊള്ളുന്നത്. ഇതിനു മുൻപു നേരിട്ട പ്രതിസന്ധികളെയെല്ലാം അതിജീവിച്ച്​ തിരിച്ചുവരാൻ കോൺഗ്രസിനു കഴിഞ്ഞതും അതുകൊണ്ടുതന്നെ’.

അഞ്ച്​ ശതമാനം വോട്ട്​ മതി, എല്ലാം മാറ്റിമറിക്കാൻ

‘ബി.ജെ.പിക്കു പകരം നിൽക്കാൻ മാത്രം രാജ്യവ്യാപക സാന്നിധ്യമുള്ള ഏകപാർട്ടി കോൺഗ്രസാണെന്ന വസ്തുത നമ്മൾ മറന്നുകൂടാ. കേവലം മൂന്ന്​ സംസ്ഥാനങ്ങളിൽ ഭരണവും രണ്ട്​ സംസ്ഥാനങ്ങളിൽ ഭരണമുന്നണിയിൽ അംഗത്വവുമുള്ളൊരു പാർട്ടി മാത്രമാണ്​ കോൺഗ്രസ് എന്നതു ശരിതന്നെ. പക്ഷേ, ആ ഭരണപങ്കാളിത്തം ഹിമാചൽ പ്രദേശ് മുതൽ തെലങ്കാന വരെ നീളുന്നുണ്ട് എന്നോർക്കുക. ഭരണത്തിലല്ലെങ്കിലും രാജസ്ഥാൻ മുതൽ അസം വരെയും കശ്മീർ മുതൽ കേരളം വരെയും ശക്തമായ ബദൽ സാന്നിധ്യമാണു കോൺഗ്രസ് എന്നതും മറക്കാതിരിക്കുക’.

‘ആം ആദ്മി പാർട്ടിയോ തൃണമൂൽ കോൺഗ്രസോ പോലുള്ള പ്രാദേശിക കക്ഷികൾക്കു സ്വന്തം സ്വാധീനപ്രദേശത്തിനു പുറത്ത് ശക്തമായ മത്സരം കാഴ്ചവയ്ക്കുക ബുദ്ധിമുട്ടാണ്. എങ്കിലും, രാജ്യവ്യാപകമായി കോൺഗ്രസിന്റെ സാന്നിധ്യം ശക്തിപ്പെടുത്താൻ ഇന്ത്യാ മുന്നണിക്കു കഴിയും. പരാജയങ്ങളിൽപോലും മറികടക്കാനാവാത്ത വോട്ടുവ്യത്യാസം ഉണ്ടാവില്ലെന്നുറപ്പ്. രാജ്യമെങ്ങും പാദമുദ്ര പതിപ്പിച്ചൊരു പ്രസ്ഥാനമെന്ന നിലയിൽ, വോട്ട് വിഹിതത്തിൽ വെറും 5 ശതമാനം വർധനയുണ്ടായാൽപോലും 60-70 സീറ്റുകളാണു ലോക്‌സഭയിൽ കോൺഗ്രസിന് അധികമായി കിട്ടുക. ഇന്ത്യ മുന്നണിയിലെ മറ്റു കക്ഷികൾ അവരുടെ സ്വന്തം സംസ്ഥാനങ്ങളിൽ നേടുന്ന വിജയംകൂടി കണക്കിലെടുത്താൽ, മോദി സർക്കാരിന്റെ നിലനിൽപിനുതന്നെ ഭീഷണിയാകാൻ അതു ധാരാളം’-തരൂർ എഴുതുന്നു.

ഹിന്ദുത്വ രാഷ്ട്രീയംതന്നെ മുന്നിലുള്ളപ്പോൾ മൃദുവിനെ ആർക്കു വേണം?

‘രാഷ്ട്രീയ പ്രചാരണം എങ്ങനെ വേണം എന്നതു കോൺഗ്രസിനു വെല്ലുവിളി തന്നെയാണ്. ഹിന്ദുത്വ രാഷ്ട്രീയത്തെ ആക്രമിച്ചാൽ അതു ന്യൂനപക്ഷ പ്രീണനമായി ചിത്രീകരിക്കപ്പെടും. ഹിന്ദുത്വയെ ഏറ്റുപിടിച്ചാലോ മൃദുഹിന്ദുത്വമായി ആരോപിക്കപ്പെടുകയും ചെയ്യും (വോട്ട് കുത്താൻ യഥാർഥ ഹിന്ദുത്വ രാഷ്ട്രീയംതന്നെ മുന്നിലുള്ളപ്പോൾ മൃദുവിനെ ആർക്കു വേണം?).

കോൺഗ്രസിനെ അപേക്ഷിച്ചു ബിജെപിക്കുള്ള യഥാർഥബലം അവരുടെ തിരഞ്ഞെടുപ്പ് മാനേജ്‌മെന്റ് തന്നെ: പണം, പ്രചാരണം, പബ്ലിക് റിലേഷൻസ്….പിന്നെ, പിന്തുണയെല്ലാം തിരഞ്ഞെടുപ്പു ദിവസം വോട്ടാക്കി മാറ്റാൻ അവർക്കുള്ള സംഘടനാസംവിധാനവും (ആർഎസ്എസിന്റെ തുണയും). ഇന്ത്യയുടെ ആത്മാവ് വീണ്ടെടുക്കാനുള്ള പോരാട്ടമാണ് 2024ലെ തിരഞ്ഞെടുപ്പ് എന്ന തിരിച്ചറിവിൽ നിന്നുണ്ടാവുന്ന നിശ്ചയദാർഢ്യത്തോടെ വേണം അവരെ നേരിടാൻ.

രാജ്യം സർവനാശത്തിൽ

പത്ത്​ വർഷത്തെ ബിജെപി ഭരണം ഇന്ത്യയ്ക്കു സർവമേഖലകളിലും വരുത്തിവച്ച നാശനഷ്ടങ്ങൾ വളരെ വലുതാണ്. നാണ്യപ്പെരുപ്പവും ചരിത്രത്തിൽ ഇതുവരെയില്ലാത്തത്ര രൂക്ഷമായ തൊഴിലില്ലായ്മയും മൂലം ആടിയുലയുന്ന സാമ്പത്തികരംഗം. ന്യൂനപക്ഷങ്ങളെ (പ്രത്യേകിച്ചു മുസ്‌ലിംകളെ) അപരവൽക്കരിക്കുന്നതിലൂടെ തകരാറിലായ സാമൂഹികഘടന. സ്വാതന്ത്ര്യവും സ്വയംഭരണവും തുരന്നെടുക്കപ്പെട്ട സ്ഥാപനങ്ങൾ. ശുദ്ധവായുവില്ലാത്ത നഗരങ്ങളും ശുദ്ധജലമില്ലാത്ത നദികളും; പ്രകൃതിചൂഷണത്തിനുള്ള സൗജന്യ അനുമതി മൂലം നശിക്കുന്ന പരിസ്ഥിതി.

അയൽരാജ്യങ്ങളോടുള്ള ബന്ധവും ലോകരാഷ്ട്രങ്ങൾക്കിടയിൽ രാജ്യത്തിനുള്ള സ്ഥാനവും അവതാളത്തിലായതിനു തെളിവായി ഖത്തർ മുതൽ യുഎസ് വരെയും വാൻകൂവർ മുതൽ ഗൽവാൻ വരെയുമുള്ള സംഭവങ്ങളും നമ്മുടെ മുൻപിലുണ്ട്. ഇപ്പറഞ്ഞ വീഴ്ചകളിൽ ഒന്നേ ഒന്നു മാത്രമാണ് 2004ലെ തിരഞ്ഞെടുപ്പിൽ വാജ്‌പേയി സർക്കാരിനു നേരിടേണ്ടിയിരുന്നത്; തൊഴിലില്ലായ്മ മാത്രം. എന്നിട്ടും അന്നു ബിജെപി തോറ്റു. അതുകൊണ്ടുതന്നെ, ഇനിയും പ്രതീക്ഷയ്ക്കു വകയുണ്ട്. കോൺഗ്രസ് വീണുപോയി എന്നതു സത്യം തന്നെ. പക്ഷേ, കളത്തിനു പുറത്തായിട്ടില്ല. ഇന്ത്യയുടെ രക്ഷയെ ഓർത്ത്, ‘കോൺഗ്രസ് മുക്തഭാരതം’ എന്ന സ്വപ്‌നം യാഥാർഥ്യമാക്കാൻ ഒരിക്കലും മോദിയെ അനുവദിക്കില്ല. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments