വാഷിങടണ്‍: ലോകശക്തികളെ ഉൾപ്പെടുത്തി പുതിയ ഫോറം രൂപീകരിക്കാൻ ഒരുങ്ങി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ‘കോർ ഫൈവ്’ അഥവാ ‘സി5’ എന്ന് അറിയപ്പെടുന്ന സഖ്യത്തിൽ അമേരിക്ക, റഷ്യ, ചൈന, ഇന്ത്യ, ജപ്പാൻ എന്നീ രാജ്യങ്ങളെ കൂട്ടിചേർക്കാനാണ് ലക്ഷ്യമിടുന്നത്. യുറോപ്പ് ആധിപത്യത്തിലുള്ള ജി7, പരമ്പരാഗത ജനാധിപത്യ, സമ്പദ് ഗ്രൂപ്പുകളെ പുതിയ സഖ്യം മറികടക്കുമെന്നാണ് അഭ്യൂഹങ്ങൾ ഉയരുന്നത്.
കഴിഞ്ഞയാഴ്ച വൈറ്റ് ഹൗസ് പുറത്തുവിട്ട നാഷനൽ സെക്യൂരിറ്റി സ്ട്രാറ്റർജിയുടെ പ്രസിദ്ധീകരിക്കാത്ത പതിപ്പിലാണ് പുതിയ ശക്തിഗ്രൂപ്പുകളെ കുറിച്ചുള്ള ആശയം ഉയർത്തിയതെന്ന് യുഎസ് പ്രസിദ്ധീകരണമായ പൊളിറ്റിക്കോ റിപ്പോർട്ട് ചെയ്തു. നിലവിൽ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. രാജ്യങ്ങൾ ജനാധിപത്യപരവും സമ്പന്നവുമായിരിക്കണമെന്ന ജി7ന്റെ ആവശ്യതകൾക്ക് അതീതമായി ശക്തമായ പുതിയ സഖ്യം രൂപീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്നാണ് റിപ്പോർട്ടുകൾ.
100 മില്യനിലധികം ജനസംഖ്യയുള്ള യുഎസ്, ചൈന, റഷ്യ, ഇന്ത്യ, ജപ്പാൻ എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന ‘കോർ ഫൈവ്’ അഥവാ ‘സി5’ എന്ന അറിയപ്പെടുന്ന സഖ്യം രൂപീകരിക്കാനാണ് ആശയം ലക്ഷ്യമിടുന്നത്. ജി7 ഉച്ചകോടിക്ക് സമാനമായി വിവിധ വിഷയങ്ങളെക്കുറിച്ചുള്ള ഉച്ചകോടികളിൽ പതിവായി യോഗം ചേരും. മിഡിൽ ഈസ്റ്റിലെ സുരക്ഷ, ഇസ്രയേലും സൗദി അറേബ്യയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുക എന്നിവയാണ് ‘സി5’ന്റ് ആദ്യ അജൻഡ എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.



