മയാമി, ഫ്ലോറിഡ: കാർണിവൽ ക്രൂയിസ് ലൈൻ കപ്പലിൽ ഈ മാസം എട്ടിന് മരിച്ച നിലയിൽ കണ്ടെത്തിയത് ഫ്ലോറിഡയിലെ ടൈറ്റസ് വില്ലിലുള്ള ടെമ്പിൾ ക്രിസ്ത്യൻ സ്കൂളിലെ വിദ്യാർഥിനിയായ അന്ന കെപ്നറെ (18) ആണെന്ന് കുടുംബം സ്ഥിരീകരിച്ചു. കരീബിയനിലേക്ക് പോയ ക്രൂയിസിലെ ഒരു മുറിക്കുള്ളിലാണ്, സ്കൂളിലെ ചിയർലീഡർ കൂടിയായിരുന്ന അന്ന കെപ്നറെ മരിച്ച നിലയിൽ കണ്ടെത്തിയത്.
പൊലീസ് അന്നയെ കണ്ടെത്തിയതിന് പിന്നാലെ കപ്പൽ കടലിൽ നിന്ന് മയാമിയിലേക്ക് മടങ്ങി. കാർണിവൽ ക്രൂയിസ് ലൈൻ സംഭവം എഫ്ബിഐ അന്വേഷിക്കുകയാണെന്ന് അറിയിച്ചു. നിയമപാലകരുടെ അധികാരപരിധിയിൽ നിലനിൽക്കുന്ന വിഷയമായതിനാൽ, കൂടുതൽ വിശദാംശങ്ങൾ നൽകേണ്ടത് എഫ്ബിഐയുടെ മയാമി പബ്ലിക് അഫയേഴ്സ് ഓഫിസാണെന്ന് അന്നയുടെ മരണം സ്ഥിരീകരിച്ച് കപ്പൽ വ്യക്തമാക്കി.
അന്നയുടെ മരണകാരണം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. എങ്കിലും, മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണം സമൂഹമാധ്യമത്തിൽ സജീവമാണ്. അന്ന കുത്തേറ്റ് മരിച്ചതാകാം എന്ന തരത്തിലുള്ള അവകാശവാദങ്ങൾ സമൂഹമാധ്യമത്തിൽ പ്രചരിക്കുന്നുണ്ടെങ്കിലും, ഇത് അധികൃതർ ഇതുവരെ സ്ഥിരീകരിക്കുകയോ തള്ളിക്കളയുകയോ ചെയ്തിട്ടില്ല.
സ്കൂൾ പഠനം പൂർത്തിയാക്കിയ ശേഷം സൈന്യത്തിൽ ചേരാൻ അന്ന ആഗ്രഹിച്ചിരുന്നതായും ഇതിനായുള്ള പരീക്ഷകൾ പൂർത്തിയാക്കിയിരുന്നതായും കുടുംബം വെളിപ്പെടുത്തി. ഇന്നലെ ടെമ്പിൾ ക്രിസ്ത്യൻ സ്കൂൾ പാർക്കിങ് ഗ്രൗണ്ടിൽ അന്നയ്ക്ക് സുഹൃത്തുക്കളും സഹപാഠികളും അധ്യാപകരും ആദരാഞ്ജലികൾ അർപ്പിച്ചു.



