പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന് കീഴിലെ ഓമല്ലൂര്‍ രക്തകണ്ഠസ്വാമി ക്ഷേത്രത്തിലെ ഗജരാജന്‍ ഓമല്ലൂര്‍ മണികണ്ഠന്‍ ചരിഞ്ഞു. രക്തകണ്ഠദാസന്‍ ഗജരൗദ്ര കേസരിയെന്നാണ് മണികണ്ഠനെ വിശേഷിപ്പിച്ചിരുന്നത്. എരണ്ടക്കെട്ടിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം.
ചലച്ചിത്രതാരം കെആര്‍ വിജയ ശബരിമല ക്ഷേത്രത്തില്‍ നടയിരുത്തിയ ആനയാണ് മണികണ്ഠന്‍. പിന്നീട് ഓമല്ലൂര്‍ ക്ഷേത്രത്തില്‍ ആനയില്ലാതിരുന്നതിനെ തുടര്‍ന്ന് മണികണ്ഠനെ ക്ഷേത്രത്തിലേക്ക് കൊണ്ടുവരികയായിരുന്നു. ഇതോടെയാണ് ഓമല്ലൂര്‍ മണികണ്ഠനായത്.
മുപ്പതുവര്‍ഷം മുമ്പ് സോണ്‍പൂര്‍ മേളയില്‍ നിന്നാണ് മണികണ്ഠനെ കേരളത്തിലേക്ക് കൊണ്ടുവന്നത്. തൃശ്ശൂരിലെ നാണു എഴുത്തച്ഛന്‍ ഗ്രൂപ്പാണ് ആനയെ കേരളത്തിലേക്ക് എത്തിച്ചത്. ശബരിമല ധര്‍മ്മശാസ്താ ക്ഷേത്രം, ഓമല്ലൂര്‍ രക്തകണ്ഠസ്വാമി ക്ഷേത്രം, പന്തളം വലിയകോയിക്കല്‍ ധര്‍മ്മശാസ്ത ക്ഷേത്രം, വൈക്കം മഹാദേവ ക്ഷേത്രം, ഉദയനാപുരം ക്ഷേത്രം എന്നിങ്ങനെ ദേവസ്വം ബോര്‍ഡിന് കീഴിലെ പ്രധാന ക്ഷേത്രങ്ങളില്‍ ഉത്സവങ്ങള്‍ക്ക് മണികണ്ഠന്‍ തിടമ്പേറ്റിയിട്ടുണ്ട്.



