ഗാസ സിറ്റി: ഗാസയിലെ ബന്ദികളുടെ കുടുംബങ്ങളുടെ കൂട്ടായ്മയും ഡോണള്‍ഡ് ട്രംപിനു സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നല്‍കണമെന്ന് ആവശ്യപ്പെട്ടു . നൊബേല്‍ കമ്മിറ്റിക്ക് അയച്ച കത്തിലാണ് ‘ഹോസ്റ്റേജസ് ആന്‍ഡ് മിസിങ് ഫാമിലീസ് ഫോറം’ എന്ന ബന്ദികളുടെ കൂട്ടായ്മ ഈ ആവശ്യം ഉന്നയിക്കുന്നത്. സമാധാനത്തിനുള്ള നൊബേല്‍ സമ്മാന ജേതാവിനെ വെള്ളിയാഴ്ച പ്രഖ്യാപിക്കാനിരിക്കെയാണ് നീക്കം.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ലോകസമാധാനത്തിനു ഡോണൾഡ് ട്രംപിനെക്കാള്‍ കൂടുതല്‍ സംഭാവന നല്‍കിയ മറ്റൊരു നേതാവോ സംഘടനയോ ഇല്ലെന്ന് കത്തിൽ പറയുന്നു. മാസങ്ങള്‍ക്ക് ശേഷം ആദ്യമായി, ബന്ദികളെ സംബന്ധിച്ച ഞങ്ങളുടെ ദുസ്വപ്നം അവസാനിക്കുമെന്ന് പ്രതീക്ഷ കൈവന്നിരിക്കുന്നു. ആഗോള സമാധാനത്തിനു നല്‍കിയ അഭൂതപൂര്‍വമായ സംഭാവനകളെ മാനിച്ച് ഡോണാള്‍ഡ് ട്രംപിനു നൊബേൽ സമ്മാനം നൽകണമെന്നാണ് ആവശ്യം.
‘‘അവസാന ബന്ദിയെയും വീട്ടിലേക്ക് കൊണ്ടുവരുന്നതുവരെ, യുദ്ധം അവസാനിക്കുന്നതുവരെ, ജനങ്ങൾക്ക് സമാധാനവും സമൃദ്ധിയും പുനസ്ഥാപിക്കുന്നതുവരെ ഡോണൾഡ് ട്രംപ് വിശ്രമിക്കില്ലെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. പ്രസിഡന്റായുള്ള സ്ഥാനാരോഹണ നിമിഷം മുതൽ അദ്ദേഹം നമുക്ക് വെളിച്ചം കൊണ്ടുവന്നു. പലരും സമാധാനത്തെ കുറിച്ച് വാചാലമായി സംസാരിച്ചിട്ടുണ്ടെങ്കിലും, അദ്ദേഹം അതിനുവേണ്ടി പ്രവർത്തിച്ചിട്ടുണ്ട്. അവസാനത്തെ ബന്ദിയും നാട്ടിലേക്ക് മടങ്ങുന്നതുവരെ താൻ വിശ്രമിക്കില്ലെന്നാണ് ട്രംപ് പ്രതിജ്ഞയെടുത്തിരിക്കുന്നത്’’ – ബന്ദികളുടെ കൂട്ടായ്മ അയച്ച കത്തിൽ പറയുന്നു.



