സനാ: ഗസ്സയിലേക്കുള്ള സഹായത്തിനേർപ്പെടുത്തിയ ഉപരോധം ഇസ്രായേൽ നാലു ദിവസത്തിനകം പിൻവലിച്ചില്ലെങ്കിൽ അവർക്കെതിരായ നാവിക പ്രവർത്തനങ്ങൾ പുനഃരാരംഭിക്കുമെന്ന് യെമനിലെ ഹൂതികൾ. ഗസ്സക്കെതിരായ ഇസ്രായേലിന്റെ യുദ്ധം ആരംഭിച്ചതിനുശേഷം ചെങ്കടലിൽ വാണിജ്യ, സൈനിക കപ്പലുകൾക്ക് നേരെ ഡസൻ കണക്കിന് ആക്രമണങ്ങൾ ഹൂതികൾ നടത്തിയിട്ടുണ്ട്. ഗസ്സയിലേക്കുള്ള ഭക്ഷണം, മരുന്ന്, സഹായം എന്നിവക്കുള്ള ഉപരോധം പിൻവലിക്കാത്തപക്ഷം വീണ്ടും നാവിക ആക്രമണം നേരിടേണ്ടി വരുമെന്ന അന്ത്യശാസനം വെള്ളിയാഴ്ച വൈകിയാണ് പുറപ്പെടുവിച്ചത്.
‘ഞങ്ങൾ മുഴുവൻ ലോകത്തിനും മുന്നറിയിപ്പ് നൽകുന്നു. നാലുദിവസത്തെ സമയപരിധി നൽകുന്നു’ വെന്ന് ഹൂതി നേതാവ് അബ്ദുൽ മാലിക് അൽ ഹൂതി ഒരു വിഡിയോ പ്രസ്താവനയിൽ പറഞ്ഞു. ‘മധ്യസ്ഥർക്ക് അവരുടെ ശ്രമങ്ങൾ തുടരാൻ അനുവദിക്കുന്നതിനാണ് ഈ സമയപരിധി. ഈ ദിവസങ്ങൾക്ക് ശേഷവും ഇസ്രായേൽ ഗസ്സയിലേക്കുള്ള സഹായം തടയുന്നത് തുടരുകയാണെങ്കിൽ ഞങ്ങളുടെ നാവിക പ്രവർത്തനങ്ങൾ പുനരാരംഭിക്കും’- അദ്ദേഹം പറഞ്ഞു.
ഇസ്രായേൽ യുദ്ധത്തെത്തുടർന്ന്, ഇറാന്റെ പിന്തുണയുള്ള ഹൂതികൾ ചെങ്കടലിലും ഏദൻ ഉൾക്കടലിലും കപ്പലുകളെ ലക്ഷ്യമിട്ട് നൂറിലധികം ആക്രമണങ്ങൾ ഇതിനകം നടത്തിയിട്ടുണ്ട്. ഫലസ്തീനികളോടുള്ള ഐക്യദാർഢ്യത്തിന്റെ ഭാഗമായാണ് ഇതെന്ന് അവർ പറഞ്ഞു.
ആ കാലയളവിൽ ഹൂതികൾ രണ്ട് കപ്പലുകൾ കടലിൽ മുക്കുകയും മറ്റൊന്ന് പിടിച്ചെടുക്കുകയും ചെയ്തു. കുറഞ്ഞത് നാല് നാവികരെ കൊലപ്പെടുത്തി. ഇത് ആഗോള കപ്പൽ ഗതാഗതത്തെ തടസ്സപ്പെടുത്തുകയും കമ്പനികളെ ദക്ഷിണാഫ്രിക്കക്ക് ചുറ്റുമുള്ള ദീർഘവും ചെലവേറിയതുമായ യാത്രകളിലേക്ക് വഴിതിരിച്ചുവിടാൻ നിർബന്ധിതരാക്കുകയും ചെയ്തു.
ഹൂതികൾ ഇസ്രായേലിനെതിരെ ഡസൻ കണക്കിന് മിസൈൽ, ഡ്രോൺ ആക്രമണങ്ങളും നടത്തിയിട്ടുണ്ട്. അതിൽ ഒരാളെങ്കിലും കൊല്ലപ്പെടുകയും തെൽ അവീവിലെ ഒരു സ്കൂൾ ഉൾപ്പെടെയുള്ള കെട്ടിടങ്ങൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്തു.