Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഗാസയിലെ വംശഹത്യ അവസാനിപ്പിക്കണം; ജൂണ്‍ 17-ന് പലസ്തീന്‍ ഐക്യദാര്‍ഢ്യദിനം ആചരിക്കാനൊരുങ്ങി ഇടതുപാര്‍ട്ടികള്‍

ഗാസയിലെ വംശഹത്യ അവസാനിപ്പിക്കണം; ജൂണ്‍ 17-ന് പലസ്തീന്‍ ഐക്യദാര്‍ഢ്യദിനം ആചരിക്കാനൊരുങ്ങി ഇടതുപാര്‍ട്ടികള്‍

തിരുവനന്തപുരം: ജൂണ്‍ 17-ന് രാജ്യവ്യാപകമായി പലസ്തീന്‍ ഐക്യദാര്‍ഢ്യദിനം ആചരിക്കാനൊരുങ്ങി ഇടതുപാര്‍ട്ടികള്‍. ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന വംശഹത്യയെ അപലപിക്കാനും വിഷയത്തില്‍ ഇന്ത്യയുടെ നിലപാട് മാറ്റവും ആവശ്യപ്പെട്ടാണ് ഐക്യദാര്‍ഢ്യ ദിനം ആചരിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (സിപിഐ), കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്‌സിസ്റ്റ് (സിപിഐഎം), സിപിഐ (എംഎല്‍), ആള്‍ ഇന്ത്യ ഫോര്‍വേര്‍ഡ് ബ്ലോക്ക് (എഐഎഫ്ബി), റെവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടി (ആര്‍എസ്പി) എന്നീ ഇടതുപാര്‍ട്ടികള്‍ സംയുക്തമായാണ് ഇതുസംബന്ധിച്ച പ്രസ്താവനയിറക്കിയത്. ഡല്‍ഹിയിലെ ജന്തര്‍മന്തറില്‍ ജൂണ്‍ പതിനേഴിന് രാവിലെ 11 മണിക്കാണ് പലസ്തീന്‍ ഐക്യദാര്‍ഢ്യ പ്രകടനം ആരംഭിക്കുക.

സിപി ഐഎം ജനറല്‍ സെക്രട്ടറി എംഎ ബേബി, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, സിപിഐ (എംഎല്‍) ലിബറേഷന്‍ ജനറല്‍ സെക്രട്ടറി ദിപാങ്കര്‍ ഭട്ടാചാര്യ, ആര്‍എസ്പി ജനറല്‍ സെക്രട്ടറി മനോജ് ഭട്ടാചാര്യ, എഐഎഫ്ബി ജനറല്‍ സെക്രട്ടറി ജി ദേവരാജന്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ ഒപ്പിട്ടു. ഗാസയിലെ പലസ്തീന്‍ ജനതയ്‌ക്കെതിരെ ഇസ്രായേല്‍ നടത്തുന്ന വംശഹത്യയെ ശക്തമായി എതിര്‍ക്കുന്നുവെന്ന് ഇടതുപാര്‍ട്ടികള്‍ സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു.

കഴിഞ്ഞ ഇരുപത് മാസമായി നിര്‍ദയമായി തുടരുന്ന ബോംബ് ആക്രമണത്തിലും സൈനിക ആക്രമണത്തിലും 55,000-ത്തിലധികം പലസ്തീനികളാണ് കൊല്ലപ്പെട്ടത്. അവരില്‍ ഏറെയും സ്ത്രീകളും കുട്ടികളുമാണ്. ആശുപത്രികളും സ്‌കൂളുകളും അഭയാര്‍ത്ഥി ക്യാംപുകളുമുള്‍പ്പെടെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തുന്നത്. ഗാസയെ മനുഷ്യനിര്‍മ്മിതമായ ദുരന്തത്തിലേക്കാണ് തളളിവിട്ടത്. ഇത് വംശഹത്യ തന്നെയാണ്. ഗാസയിലേക്ക് എത്തിക്കുന്ന സഹായം പോലും ഇസ്രായേല്‍ നിഷേധിക്കുന്നു- പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

ഐക്യരാഷ്ട്ര സഭയും അന്താരാഷ്ട്ര നീതിന്യായ കോടതിയുമുള്‍പ്പെടെ ശക്തമായ വിമര്‍ശനം ഉന്നയിച്ചിട്ടും അമേരിക്കയുടെയും മറ്റ് ചില സഖ്യ രാജ്യങ്ങളുടെയും പിന്തുണയോടെ നെതന്യാഹു സര്‍ക്കാര്‍ ഗാസയില്‍ വംശഹത്യ തുടരുകയാണ്. അടുത്തിടെ റഫയില്‍ നടത്തിയ ആക്രമണം ഇസ്രായേല്‍ സര്‍ക്കാരിന്റെ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനത്തിന്റെയും മനുഷ്യാവകാശങ്ങളുടെയും അടിസ്ഥാന മനുഷ്യത്വത്തിന്റെയും ലംഘനമാണ്.- പ്രസ്താവനയില്‍ പറയുന്നു.

പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തന്‍ബര്‍ഗും യൂറോപ്യന്‍ പാര്‍ലമെന്റ് അംഗം റിമ ഹസനും ഉള്‍പ്പെടെ 12 പേരുമായി ഗാസയിലേക്ക് സഹായവുമായി പോയ ഫ്രീഡം ഫ്‌ളോട്ടില്ല കൊയിലീഷന്‍ (എഫ്എഫ്‌സി) കപ്പലിനെതിരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തെയും ഇടതുപാര്‍ട്ടികള്‍ അപലപിച്ചു. വിഷയത്തില്‍ ഇന്ത്യ നിലപാട് മാറ്റണമെന്നും കപ്പലിലുളള ഇന്റര്‍നാഷണല്‍ വൊളന്റിയര്‍മാരെ മോചിപ്പിക്കാന്‍ ആവശ്യപ്പെടണമെന്നും സംയുക്ത പ്രസ്താവനയില്‍ പറയുന്നു.

ഇന്നലെയാണ് മൂന്നുമാസമായി ഉപരോധം നേരിടുന്ന ഗാസയിലേക്ക് സന്നദ്ധ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സഹായവുമായി പോയ മെഡ്‌ലീന്‍ കപ്പല്‍ ഇസ്രായേല്‍ പിടിച്ചെടുത്തത്. കപ്പലിലുണ്ടായിരുന്ന ഗ്രേറ്റ തന്‍ബര്‍ഗ് ഉള്‍പ്പെടെയുളള ആക്ടിവിസ്റ്റുകളെ ഇസ്രായേല്‍ കസ്റ്റഡിയിലെടുത്തിരുന്നു. ‘സെലിബ്രിറ്റികളുടെ സെല്‍ഫി കപ്പല്‍’ സുരക്ഷിതമായി ഇസ്രായേല്‍ തീരത്തേക്ക് എത്തിച്ചു എന്നാണ് വിദേശകാര്യ മന്ത്രാലയം എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്. ആക്ടിവിസ്റ്റുകളോട് മൊബൈല്‍ ഫോണ്‍ കടലില്‍ എറിയാന്‍ പറയുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments