പാരിസ്: ഗാസയിൽ അടിയന്തിര വെടിനിർത്തൽ ആവശ്യപ്പെട്ട് ജർമനിയും ഫ്രാൻസും ബ്രിട്ടണും രംഗത്ത്.ജർമനി, ഫ്രാൻസ്, ബ്രിട്ടൻ എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാർ സംയുക്തമായാണ് ഈ ആവശ്യം മു ന്നോട്ടു വെച്ചത്.. ഇസ്രയേൽ സൈന്യം ഗാസ മേഖലയിൽ വീണ്ടും ആക്രമണം ആരംഭിച്ചതിനു പിന്നാലെയാണ് മന്ത്രിമാരുടെ സംയുക്‌ത പ്രസ്‌താവന.
നാശനഷ്ടങ്ങളിൽ തങ്ങൾ ഞെട്ടിപ്പോയെന്നും വെടിനിർത്തലിലേക്ക് ഉടൻ മടങ്ങണമെന്ന് അടിയന്തരമായി ആവശ്യപ്പെടുന്നതായും മന്ത്രിമാർ സംയുക്‌ത പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
ജർമനിയുടെ അന്നലീന ബെയർബോക്ക്, ഫ്രാൻസിൻ്റെ ജീൻ -നോയൽ ബാരോട്ട്, ബ്രിട്ടന്റെ ഡേവിഡ് ലാമി എന്നിവരുടേതാണ് സംയുക്‌ത പ്രസ്താവന. എല്ലാ കക്ഷികളും വെടിനിർത്തൽ പൂർണമായും നടപ്പിലാക്കുകയും സ്‌ഥിരമാക്കുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കാൻ ചർച്ചകളിൽ വീണ്ടും ഏർപ്പെടാനും തീരുമാനമായി. പലസ്തീൻ പ്രദേശത്ത് അവശേഷിക്കുന്ന ബന്ദികളെ മോചിപ്പിക്കണം. ഹമാസ് ഇനി ഗാസ ഭരിക്കാനോ ഇസ്രയേലിന് ഭീഷണിയാകാനോ പാടില്ലെന്നും മന്ത്രിമാർ ആവശ്യപ്പെട്ടു. ഇസ്രയേൽ രാജ്യാന്തര നിയമം പൂർണമായും മാനിക്കണം എന്നും വിദേശകാര്യ മന്ത്രിമാർ ആവശ്യപെട്ടു.
ഗാസയിലെ കൂടുതൽ സ്‌ഥലങ്ങൾ പിടിച്ചടക്കാൻ ഇസ്രയേൽ പ്രതിരോധമന്ത്രി ഇന്നലെ ഉത്തരവിറക്കിയതും ചർച്ചയായി