ടെൽ അവീവ് ∙ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഗാസ സമാധാന കരാര്‍ പ്രതിസന്ധിയില്‍. ഹമാസിനെ ലക്ഷ്യമിട്ട് ഗാസയിൽ ഇസ്രയേൽ ആക്രമണം പുനരാരംഭിച്ചതിനു പിന്നാലെ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ഇസ്രയേലിൽ. രണ്ടു സൈനികരെ ഹമാസ് വധിച്ചെന്ന് ആരോപിച്ച് ഗാസയിൽ ഇസ്രയേൽ ആക്രമണം ആരംഭിച്ചതോടെയാണ്, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അധ്യക്ഷതയിൽ നടപ്പാക്കിയ സമാധാന കരാർ സംരക്ഷിക്കുകയെന്ന ദൗത്യവുമായി വാൻസ് ഇസ്രയേലിൽ എത്തിയത്.
സമാധാന കരാറിനെ കുറിച്ച് ആശങ്കയില്ലെന്ന് വാൻസ് പറഞ്ഞു. ‘കഴിഞ്ഞ ഒരാഴ്ചയായി നമ്മൾ കണ്ട കാര്യങ്ങൾ വെടിനിർത്തൽ നിലനിൽക്കുമെന്ന വലിയ ശുഭാപ്തിവിശ്വാസം എനിക്ക് നൽകുന്നു. എനിക്ക് വളരെ ശുഭാപ്തിവിശ്വാസമുണ്ട്. എന്നാൽ ഇത് നൂറു ശതമാനം ഉറപ്പാണ് എന്ന് എനിക്ക് പറയാൻ കഴിയുമോ? ഇല്ല. കരാർ ഹമാസ് പാലിക്കുന്നില്ലെങ്കിൽ, വളരെ മോശം കാര്യങ്ങൾ സംഭവിക്കും. എന്നാൽ ഇതുവരെ യുഎസ് പ്രസിഡന്റ് ചെയ്യാൻ വിസമ്മതിച്ച കാര്യം, അതായത് എല്ലാ ഇസ്രയേൽ ബന്ദികളുടെയും മൃതദേഹങ്ങൾ തിരികെ എത്തിക്കുന്നതിന് വ്യക്തമായ സമയപരിധി നിശ്ചയിക്കുന്നത്, ഞാൻ ചെയ്യില്ല. കാരണം, ഈ കാര്യങ്ങളിൽ പലതും പ്രയാസകരമാണ്’ – വാൻസ് പറഞ്ഞു.
ബെന്യാമിൻ നെതന്യാഹുവുമായി വാൻസ് കൂടിക്കാഴ്‌ച നടത്തും. മൂന്നു ദിവസത്തെ സന്ദർശനത്തിനാണ് വാൻസ് ഇസ്രയേലിൽ എത്തിയതെന്നാണ് റിപ്പോർട്ടുകൾ. ട്രംപിന്റെ പശ്ചിമേഷ്യ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, മരുമകൻ ജറീദ് കഷ്നർ എന്നിവരും ഇസ്രയേലിലുണ്ട്. വെടിനിർത്തലിനിടെ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ 80 ൽ ഏറെ പലസ്തീൻകാരാണു കൊല്ലപ്പെട്ടത്. ഇന്നലെയും 13 പലസ്തീൻകാർ കൊല്ലപ്പെട്ടു.



