ഗാന്ധിനഗര്‍: ആറ് പതിറ്റാണ്ടിനു ശേഷം ഗുജറാത്തില്‍ ഒരു സുപ്രധാന സമ്മേളനത്തിന് ആതിഥേയത്വം വഹിക്കാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ് പാര്‍ട്ടി. 2027-ലെ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, ഈ നീക്കം പാര്‍ട്ടിയുടെ രാഷ്ട്രീയ ഭാവിയില്‍ നിര്‍ണ്ണായകമായേക്കും. ഏപ്രില്‍ 8, 9 തീയതികളില്‍ നടക്കുന്ന ഈ സമ്മേളനം, 1961ല്‍ ഭാവ്നഗറില്‍ നടന്നതിന് ശേഷം ഇതാദ്യമായാണ് ഗുജറാത്തില്‍ ഒരു അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി സമ്മേളനം നടക്കുന്നത്.സമ്മേളനത്തിന് മുന്നോടിയായി രാഹുല്‍ ഗാന്ധി ഗുജറാത്തിലെ പാര്‍ട്ടി പ്രവര്‍ത്തകരുമായി സംവദിച്ചിരുന്നു. അണികള്‍ക്കിടയിലെ ഭിന്നതകളെക്കുറിച്ച് അദ്ദേഹം തുറന്നു സംസാരിക്കുകയും, ഹൃദയത്തോടും ആത്മാര്‍ത്ഥതയോടും കൂടി പ്രവര്‍ത്തിക്കുന്നവരും ജനങ്ങളുമായി അടുപ്പമുള്ളവരുമായ ഒരു വിഭാഗവും, മറുവശത്ത് ജനങ്ങളുമായി ബന്ധമില്ലാത്തവരും ബി.ജെ.പിയുമായി ഒത്തുചേര്‍ന്നവരുമായ മറ്റൊരു വിഭാഗവും പാര്‍ട്ടിയിലുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.ആവശ്യമെങ്കില്‍ 5 മുതല്‍ 25 വരെ നേതാക്കളെ പുറത്താക്കാന്‍ മടിക്കില്ലെന്നും രാഹുല്‍ ഗാന്ധി മുന്നറിയിപ്പ് നല്‍കി. ലോക്സഭാ തിരഞ്ഞെടുപ്പില്‍ അയോധ്യയില്‍ ബിജെപിയെ തോല്‍പ്പിച്ച കോണ്‍ഗ്രസ്, 2027ല്‍ ഗുജറാത്തിലും സമാനമായ വിജയം ആവര്‍ത്തിക്കുമെന്നും അദ്ദേഹം വെല്ലുവിളിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം രണ്ടു തവണ രാഹുല്‍ ഗാന്ധി ഗുജറാത്ത് സന്ദര്‍ശിച്ചത് പാര്‍ട്ടിയുടെ സംസ്ഥാനത്തെ തിരിച്ചുവരവിനുള്ള ശ്രമങ്ങളുടെ സൂചനയാണ്.ഗുജറാത്തില്‍ ഒരു ദേശീയ സമ്മേളനം സംഘടിപ്പിക്കാനുള്ള കോണ്‍ഗ്രസിന്റെ തീരുമാനം രാഷ്ട്രീയ നിരീക്ഷകരുടെ ശ്രദ്ധാകേന്ദ്രമാണ്. പാര്‍ട്ടിയുടെ ദേശീയ നേതൃത്വം സംസ്ഥാന ഘടകത്തിന്റെ നിലവിലെ അവസ്ഥ വിലയിരുത്തുകയും, വരും കാലത്തേക്കുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുകയും ചെയ്യും. സമ്മേളനത്തിന്റെ സ്വാഗത സംഘാടക സമിതിയുടെ അധ്യക്ഷന്‍ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ശക്തിസിംഗ് ഗോഹിലും, കണ്‍വീനര്‍ അമിത് ചാവ്ഡയുമാണ്.