കോഴിക്കോട്∙ പ്രമുഖ വ്യവസായിയും സിനിമാ നിർമാതാവുമായ ഗോകുലം ഗോപാലനെ ചോദ്യം ചെയ്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കോഴിക്കോട് അരയിടത്ത് പാലത്തെ ഗോകുലം മാളിനു സമീപത്തെ കോർപറേറ്റ് ഓഫിസിലാണ് ചോദ്യം ചെയ്യുന്നത്. ആദ്യം വടകരയിലെ വീട്ടിൽ വച്ച് ചോദ്യം ചെയ്യാനായിരുന്നു നീക്കമെങ്കിലും ഗോകുലം ഗോപാലൻ കോഴിക്കോട് കോർപറേറ്റ് ഓഫിസിലേക്ക് എത്തുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെയാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത്.
ചെന്നൈ കോടമ്പാക്കത്തുള്ള ഗോകുലത്തിന്റെ ധനകാര്യ സ്ഥാപനങ്ങളിൽ റെയ്ഡ് ആരംഭിച്ചതിന് പിന്നാലെയാണ് കോഴിക്കോട്ടും ഇ.ഡി ഉദ്യോഗസ്ഥരെത്തിയത്. ചെന്നൈയിലെ വീട്ടിലും റെയ്‌ഡുണ്ട്. ഫെമ നിയമ ലംഘനവുമായി ബന്ധപ്പെട്ടാണ് പരിശോധന എന്നാണ് വിവരം. കുറച്ച് ദിവസം മുൻപ് ഗോകുലം കമ്പനിയിലേക്ക് വലിയൊരു തുക നിക്ഷേപം വന്നു. ആ തുക എവിടെ നിന്നാണ് വന്നത്, ഒരാളിൽ നിന്നാണോ തുക വന്നതെന്നുൾപ്പെടെയുള്ള കാര്യങ്ങളാണ് ചോദിക്കുന്നതെന്നാണ് പ്രാഥമിക വിവരം. കോഴിക്കോട് നഗരത്തിലെ ഗോകുലത്തിന്റെ മറ്റു സ്ഥാപനങ്ങളിലും ഒരേ സമയം പരിശോധന നടക്കുന്നുണ്ട്.
എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾ നിലനിൽക്കെയാണ് ചിത്രത്തിന്റെ നിർമാതാവ് കൂടിയായ ഗോകുലം ഗോപാലനെ ചോദ്യം ചെയ്യുന്നത്. ചിത്രത്തിനെതിരെ ആർഎസ്എസും ബിജെപിയും രംഗത്തെത്തിയതിനെ തുടർന്നു റീസെൻസർ ചെയ്തിരുന്നു.