ന്യൂഡൽഹി: അമേരിക്കൻ ഗ്രാൻഡ് മാസ്റ്റർ ഡാനിയേൽ നരോഡിറ്റ്സ്കിയുടെ മരണത്തിന് ഉത്തരവാദി മുന്‍ ലോക ചാമ്പ്യനെന്ന് ആരോപണം.
ന്യൂയോർക്ക് ടൈംസിലെ കോളമിസ്റ്റ്, പ്രമുഖ ചെസ് കമന്റേറ്റർ, ഓൺലൈൻ പരിശീലകൻ എന്ന നിലയിൽ ലോകമെങ്ങും ആരാധകരെ സൃഷ്ടിച്ച ഡാനിയേൽ നരോഡിറ്റ്സ്കി 29ാം വയസ്സിലാണ് ആരാധകരെ കണ്ണീരിലാഴ്ത്തി ഓർമയായത്. മരണ കാരണം വ്യക്തമല്ല.
ബ്ലിറ്റ്സിലെ മുൻനിര ലോകതാരം കൂടിയായ ഡാനിയയുടെ അപ്രതീക്ഷിത മരണം ചെസ് ലോകത്ത് പുതിയ വിവാദത്തിനും തിരികൊളുത്തി.
ഞായറാഴ്ച മരണപ്പെട്ടതായുള്ള കുടുംബത്തിന്റെ സ്ഥിരീകരണത്തിനു പിന്നാലെ വിശ്വനാഥൻ ആനന്ദ്, ജുഡിറ്റ് പോൾഗർ, ഹികാരു നകാമുറ തുടങ്ങിയ ലോകതാരങ്ങൾ അനുശോചിച്ചു. അമേരിക്കയിലെ ഷാർലറ്റ് ചെസ് ക്ലബ് പരിശീലകനും, ലോകമെങ്ങും ഫോളോവേഴ്സുമുള്ള പ്രമുഖ കമന്റേറ്റർ കുടിയാണ് ആരാധകരുടെ പ്രിയപ്പെട്ട ഡാനിയ.
അതേസമയം, 30ാം പിറന്നാൾ ആഘോഷത്തിന് രണ്ടാഴ്ച മാത്രം ബാക്കിനിൽക്കെ ലോക പ്രശസ്ത താരത്തിന്റെ മരണം ചെസ് ലോകത്ത് വലിയ വിവാദത്തിനാണ് തിരികൊളുത്തിയത്.
ഡാനിയേൽ നരോഡിറ്റ്സ്കിയുടെ അപ്രതീക്ഷിത മരണത്തിന് മുൻ ലോകചാമ്പ്യൻ കൂടിയായ റഷ്യൻ ഇതിഹാം വ്ലാദിമിർ ക്രാംനികാണ് ഉത്തരവാദിയെന്ന് മലയാളി ചെസ് ഗ്രാൻഡ്മാസ്റ്റർ നിഹാൽ സരിൻ ആരോപണമുന്നയിച്ചു.
ഒരു അന്താരാഷ്ട്ര മത്സരത്തിനിടെ എതിരാളിക്കെതിരെ മുൻതൂക്കം നേടും വിധം ഡാനിയ ചതിപ്രയോഗം നടത്തിയെന്ന് വ്ലാദിമിർ ക്രാംനിക് നടത്തിയ ആരോപണമാണ് താരത്തിന്റെ ജീവനെടുത്തതെന്നാണ് നിഹാലിന്റെ ആരോപണം. മത്സരത്തിനിടെ മറ്റൊരു സ്ക്രീനിൽ കമ്പ്യൂട്ടർ സഹായത്തോടെ ഗെയിം പ്ലാൻ ചെയ്ത് മുൻതൂക്കം നേടിയെന്നായിരുന്നു വ്ലാദിമിർ ക്രാംനിക് ഉന്നയിച്ചത്.
മുൻ ലോകചാമ്പ്യനും റഷ്യൻ ഇതിഹാസവുമായ ക്രാംനികിനെ, മരണത്തിനുത്തരവാദിയാക്കികൊണ്ട് നിഹാൽ സരിൻ പരസ്യമായ ആരോപണമുന്നയിച്ചതോടെ, നിരവധി താരങ്ങളും ആരാധകരും സമാന പ്രതികരണവുമായി രംഗത്തെത്തി.
സമീപ മാസങ്ങളിൽ നേരിട്ട അടിസ്ഥാനരഹിത ആരോപണങ്ങളും പരസ്യമായ ചോദ്യം ചെയ്യലുകളും ഡാനിയക്ക് വലിയ സമ്മർദ്ദവും വേദനയും ഉണ്ടാക്കിയതായി നിഹാൽ സരിൻ ‘എക്സ്’ പോസ്റ്റിലൂടെ വ്യക്തമാക്കി.
‘ബഹുമാന്യരായ വ്യക്തികൾ ഉത്തരവാദിത്തമില്ലാതെ അടിസ്ഥാനരഹിത ആരോപണങ്ങൾ പ്രചരിപ്പിക്കുമ്പോൾ, ജീവിതങ്ങൾ നശിപ്പിക്കപ്പെടുന്നു. ആരോപണങ്ങൾ ഉയർന്ന ശേഷം ഡാനിയേലിന്റെ ചിരിയുടെ നിറംകെട്ടു. നാമെല്ലാവരും ഇത് കണ്ടതാണ്. ചെസ്സ് ലോകത്തിന് ഏറ്റവും തിളക്കമുള്ള പ്രകാശങ്ങളിലൊന്ന് നഷ്ടപ്പെട്ടു. നമ്മുടെ കളിയെ ദശലക്ഷക്കണക്കിന് ആളുകൾക്ക് പ്രാപ്യമാക്കിയ ഒരാൾ. ഡാനിയ, നീ ഇതിലും മികച്ചത് അർഹിക്കുന്നു’ -വൈകാരികമായ വാക്കുകളിലൂടെ നിഹാൽ സരിൻ പ്രതികരിച്ചു.
ക്രാംനികിന്റെ ആരോപണങ്ങളോട് ‘അഴുക്കിനെക്കാൾ മോശം’ എന്നായിരുന്നു തെൻർ പോഡ്കാസ്റ്റിലൂടെ ഡാനിയ ആദ്യം പ്രതികരിച്ചത്.
ലോകമെങ്ങും ലക്ഷങ്ങൾ പിന്തുടുരന്ന താരം എന്ന നിലയിൽ തനിക്കെതിരായ അവാസ്ഥവമായ ആരോപണത്തിൽ ഡാനിയ കടുത്ത നിരാശയിലായിരുന്നുവെന്നും ചെസ് ലോകത്തെ മുൻനിര താരങ്ങൾ പ്രതികരിച്ചു.



