കീവ് : സമാധാന കരാർ സംബന്ധിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, ട്രംപിന്റെ മരുമകൻ ജറീദ് കഷ്നർ എന്നിവരുമായി ഫോണിൽ ഫലപ്രദമായ ചർച്ച നടന്നെന്ന് യുക്രെയ്‌ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി. ‘സമാധാനം കൈവരിക്കുന്നതിന് യുഎസുമായി ചേർന്നു പ്രവർത്തിക്കാൻ യുക്രെയ്‌ൻ പ്രതിജ്‌ഞാബദ്ധമാണ്. യുഎസുമായുള്ള ചർച്ചകളുടെ അടുത്ത ഘട്ടത്തെ കുറിച്ചും അതിന്റെ രൂപത്തെക്കുറിച്ചും ധാരണയിലെത്തിയിട്ടുണ്ട്. എല്ലാ കാര്യങ്ങളും ഫോണിലൂടെ ചർച്ച ചെയ്യാൻ കഴിയില്ല. സമാധാനം, സുരക്ഷ, പുനർനിർമ്മാണം എന്നിവയ്ക്കുള്ള നിർണായക നടപടികൾ ഉൾപ്പെടെ എല്ലാം പ്രായോഗികമായിരിക്കണം എന്നതാണ് ഞങ്ങളുടെ സമീപനം.’ – സെലെൻസ്കി പറഞ്ഞു.
സ്റ്റീവ് വിറ്റ്കോഫ്, ജറീദ് കഷ്നർ എന്നിവരുമായി യുക്രെയ്‌ൻ ദേശീയ സുരക്ഷ കൗൺസിലിന്റെ സെക്രട്ടറി റസ്റ്റം ഉമെറോവ് ഈ ആഴ്‌ച മിയാമിയിൽ രണ്ടു തവണ ചർച്ച നടത്തി. ‘യുക്രെയ്‌നെ സുസ്ഥിരവും നീതിയുക്തവുമായ സമാധാനത്തിലേക്കു നയിക്കുന്ന വിശ്വസനീയമായ ഒരു പാത തുറക്കുന്നതിനുള്ള ചർച്ചകൾ’ എന്നാണ് ഇരുപക്ഷവും ഈ ചർച്ചകളെ കുറിച്ച് പ്രതികരിച്ചത്. അടുത്ത ദിവസം റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായും സ്റ്റീവ് വിറ്റ്കോഫ് കൂടിക്കാഴ്‌ച നടത്തും.



