ടോക്കിയോ: ജപ്പാന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായി 64 കാരിയായ സനെയ് തകെയ്ച്ചി അധികാരത്തിലേക്ക്. തീവ്ര വലതുപക്ഷ അനുഭാവിയായ തകെയ്ച്ചി കടുത്ത യാഥാസ്ഥിക നിലപാട് പുലര്‍ത്തുന്ന നേതാവാണ്. ജപ്പാന്റെ മുന്‍ ആഭ്യന്തര-സാമ്പത്തിക സുരക്ഷാ മന്ത്രിയായിരുന്ന ഇവർ ചൈനയുടെ കടുത്ത വിമര്‍ശകയുമാണ്.
465 സീറ്റുകളുള്ള ലോവര്‍ ഹൗസില്‍ 237 വോട്ടുകള്‍ നേടിയാണ് തകെയ്ച്ചിയുടെ വിജയം. രാജ്യത്തെ നയിക്കാനുള്ള അവരുടെ മൂന്നാമത്തെ ശ്രമത്തിന് ശേഷമാണ് ഈ ജയം. അഴിമതി നിറഞ്ഞ ഭരണകക്ഷിയായ ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയിൽ (എൽ.ഡി.പി)നിന്നും വെറും അഞ്ചു വർഷത്തിനുള്ളിൽ നാലാമത്തെ പ്രധാനമന്ത്രിയായി അവർ സ്ഥാനമേറ്റെടുക്കുകയാണ്. മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി മാർഗരറ്റ് താച്ചറിന്റെ ആരാധികയാണെന്ന് ഇവർ സ്വയം വിശേഷിപ്പിക്കുന്നു.
മന്ദഗതിയിലുള്ള സമ്പദ്‌വ്യവസ്ഥ, അമേരിക്കയുമായുള്ള ബന്ധം മോശമായത്, സമീപ വർഷങ്ങളിലെ ആഭ്യന്തര സംഘർഷങ്ങളും അഴിമതികളും മൂലം എൽ.ഡി.പിയുടെ ദുർബലാവസ്ഥ എന്നിവയാൽ ജപ്പാൻ പ്രധാന വെല്ലുവിളികൾ നേരിടുന്ന വേളയിൽ ആണ് അവർ നേതൃത്വത്തിലേക്ക് കടന്നു വരുന്നത്.
പ്രധാനമന്ത്രി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ ജപ്പാനിലെ യു.എസ് അംബാസഡര്‍ തകെയ്ച്ചിക്ക് അഭിനന്ദനങ്ങള്‍ അറിയിച്ചു. ഇതൊരു ചരിത്രപരമായ നിമിഷമാണെന്നും യു.എസും ജപ്പാനും തമ്മിലുള്ള സഹകരണം കൂടുതല്‍ ഉയരങ്ങളില്‍ എത്തട്ടേയെന്നും തകെയ്ച്ചി ‘എക്സി’ല്‍ കുറിച്ചു.



