ന്യൂഡൽഹി: വീട്ടിൽ നിന്നും നോട്ടുകെട്ട് കണ്ടെത്തിയ സംഭവത്തിൽ ജസ്റ്റിസ് യശ്വന്ത് വർമ്മയ്ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം നടത്തണമെന്നാണ് ഹർജിയിലെ ആവശ്യം. ജുഡീഷ്യല്‍ സമിതിക്ക് അന്വേഷണ അധികാരമില്ലെന്നും ഹർജിയിൽ പറയുന്നു. മലയാളി അഭിഭാഷകന്‍ മാത്യൂസ് ജെ നെടുമ്പാറയുടേതാണ് ഹര്‍ജി.
കഴിഞ്ഞ ദിവസമാണ് യശ്വന്ത് വർമ്മയ്ക്ക് എതിരായ അന്വേഷണത്തിന് മൂന്നംഗ ജുഡീഷ്യൽ സമിതി രൂപീകരിച്ചത്. രണ്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരും ഒരു ഹൈക്കോടതി ജഡ്ജിയും ഉൾപ്പെടുന്ന അന്വേഷണ സമിതിയാണ് രൂപീകരിച്ചത്. പഞ്ചാബ് – ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ശീൽ നാഗു, ഹിമാചൽ ചീഫ് ജസ്റ്റിസ് ജി എസ് സന്ധ് വാലിയ, കർണാടക ഹൈക്കോടതി ജഡ്ജി അനു ശിവരാമൻ എന്നിവരും അംഗങ്ങളാണ്. അതേ സമയം, ജസ്റ്റിസ് യശ്വന്ത് വർമ്മയ്‌ക്ക് ജുഡീഷ്യൽ ചുമതല നൽകുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ദില്ലി ഹൈക്കോടതി ചീഫ് ജസ്റ്റിസിൻ്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസിൻ്റെ നടപടി.
ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ ഔദ്യോഗിക വസതിയില്‍ തീപിടിച്ചിരുന്നു. തീ അണയ്ക്കാന്‍ എത്തിയ ഫയര്‍ഫോഴ്‌സ് അംഗങ്ങളാണ് വീട്ടില്‍ കണക്കില്‍പ്പെടാത്ത കെട്ടുകണക്കിന് പണം കണ്ടെത്തിയത്. തുടര്‍ന്ന് സര്‍ക്കാര്‍ ഇക്കാര്യം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയെ അറിയിക്കുകയായിരുന്നു.