ന്യൂഡൽഹി: രാജ്യത്തെ ഊർജ ഉപഭോഗവുമായി ബന്ധപ്പെട്ട വിഷയത്തിൽ, ഉപയോക്താക്കളുടെ താൽപര്യങ്ങൾക്കാണ് എപ്പോഴും മുൻഗണന നൽകുന്നത് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഊർജരംഗത്ത് യു.എസുമായും നാം സഹകരിച്ചുവരുന്നുണ്ടെന്നും, നിലവിലെ ഭരണകൂടത്തിന് കൂടുതൽ സഹകരണത്തിന് താൽപര്യമുണ്ടെന്നും വിദേശകാര്യ വക്താവിന്‍റെ പ്രസ്താവനയിൽ പറയുന്നു. റഷ്യയിൽനിന്ന് എണ്ണ വാങ്ങില്ലെന്ന് പ്രധാനമന്ത്രി മോദി തനിക്ക് ഉറപ്പു നൽകിയതായി യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് അവകാശപ്പെട്ട പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ പ്രതികരണം. ട്രംപിന്‍റെ വാദത്തെ പൂർണമായി തള്ളാൻ ഇന്ത്യ തയാറായിട്ടില്ല.
“എണ്ണയും പ്രകൃതി വാതകവും വൻതോതിൽ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. മാറിക്കൊണ്ടിരിക്കുന്ന ഊർജ ഉപഭോഗ സാഹചര്യത്തിൽ, ഉപയോക്താക്കളുടെ താൽപര്യത്തിനാണ് ഞങ്ങൾ മുൻഗണന നൽകുന്നത്. ഞങ്ങളുടെ ഇറക്കുമതി നയവും ഇതേ ഉദ്ദേശ്യത്തോടു കൂടിയുള്ളതാണ്. എണ്ണവിലയിൽ സ്ഥിരത ഉറപ്പാക്കാനും സുരക്ഷിതമായ വിതരണം ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ളതാണ് നമ്മുടെ ഊർജ നയം. വിപണിയിലെ ആവശ്യമനുസരിച്ച് എണ്ണ സംഭരിക്കാനും ആവശ്യമായ നടപടികൾ സ്വീകരിച്ചുവരുന്നുണ്ട്. ഊർജരംഗത്ത് യു.എസുമായും നാം സഹകരിച്ചുവരുന്നുണ്ട്. നിലവിലെ ഭരണകൂടത്തിന് കൂടുതൽ സഹകരണത്തിന് താൽപര്യമുണ്ട്. ഈ വിഷയത്തിൽ ചർച്ച പുരോഗമിക്കുകയാണ്” -വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ പ്രസ്താവനയിൽ പറഞ്ഞു.
നേരത്തെ റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കുമെന്ന് നരേന്ദ്രമോദി ഉറപ്പുനൽകിയെന്നായിരുന്നു ഡോണൾഡ് ട്രംപിന്‍റെ അവകാശവാദം. യുക്രെയ്നെതിരെ യുദ്ധം തുടരുന്ന റഷ്യയെ സാമ്പത്തികമായി ഒറ്റപ്പെടുത്തുന്നതിലേക്കുള്ള വലിയ ചുവടുവെപ്പാണിതെന്നും അദ്ദേഹം പറഞ്ഞു. വൈറ്റ് ഹൗസില്‍ നടന്ന ചടങ്ങിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ട്രംപ്.
‘ഇന്ത്യ എണ്ണ വാങ്ങുന്നതില്‍ എനിക്ക് അതൃപ്തിയുണ്ടായിരുന്നു, റഷ്യയില്‍നിന്ന് അവർ എണ്ണ വാങ്ങുന്നത് നിറുത്തുമെന്ന് അദ്ദേഹം ഇന്ന് എനിക്ക് ഉറപ്പ് നല്‍കി. അത് നിർണായക നടപടിയാണ്. ഇനി ചൈനയെക്കൊണ്ടും ഇത് തന്നെ ചെയ്യിക്കും,’ – ട്രംപ് പറഞ്ഞു. മോദിയുമായി ഊഷ്മളമായ ബന്ധമാണുള്ളതെന്നും ട്രംപ് പറഞ്ഞു. റഷ്യൻ എണ്ണ വാങ്ങുന്നത് പൊടുന്നനെ നിര്‍ത്താന്‍ ഇന്ത്യക്ക് കഴിയില്ലെന്നും, എന്നാല്‍ അത് കാലക്രമേണ നടപ്പിലാകുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.



