ജറുസലെം: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇസ്രായേൽ പാർലമെൻറിനെ അഭിസംബോധന ചെയ്യുന്നതിനിടെ പ്രതിഷേധവുമായി എം.പിമാർ. പ്രതിഷേധ മുദ്രാവാക്യങ്ങൾ ഉയർന്നതോടെ ഏതാനും നിമിഷങ്ങൾ ട്രംപിന് പ്രസംഗം നിർത്തിവെക്കേണ്ടിവന്നു.
തിങ്കളാഴ്ച ഇസ്രായേൽ-ഹമാസ് സമാധാന പദ്ധതിയുടെ ആദ്യഘട്ടമായ ബന്ദികൈമാറ്റത്തിന് പിന്നാലെ ഇസ്രായേൽ പാർലമെന്റായ നെസറ്റിനെ അഭിസംബോധന ചെയ്യുകയായിരുന്നു ട്രംപ്. പാർലമെന്റ് അംഗങ്ങളായ ഒഫർ കസിഫ്, അയ്മാൻ ഓഡേ എന്നിവരാണ് പ്രതിഷേധിച്ചത്.
ട്രംപ് പ്രസംഗം തുടരുന്നതിനിടെ, പ്രതിഷേധിച്ച ഒഫർ കസിഫിനെ സുരക്ഷാവിഭാഗം വളഞ്ഞ് നീക്കി. ഇതിന് പിന്നാലെ ‘ഫലസ്തീനിനെ അംഗീകരിക്കുക’ എന്നെഴുതിയ പ്ളക്കാർഡുയർത്തിയ ഓഡേയെ ബലം പ്രയോഗിച്ച് നീക്കുന്നതും കാണാമായിരുന്നു.
ട്രംപ് പ്രസംഗം തുടരുന്നതിനിടെ പ്രതിഷേധിച്ച ഇസ്രായേൽ എം.പി ഒഫർ കസിഫിനെ സുരക്ഷാവിഭാഗം നീക്കുന്നു
ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ട്രംപ് പാര്‍ലമെന്‍റിലെത്തിയത്. ദൈവത്തിന് നന്ദി പറയേണ്ട ദിവസമാണ് ഇതെന്ന് പാർലമെന്റിനെ അഭിസംബോധന ചെയ്യവെ ട്രംപ് പറഞ്ഞു. ഇത് യുദ്ധത്തിന്റെ മാത്രം അവസാനമല്ല, മരണവും ഭീകരവാദവും ഇവിടെ അവസാനിച്ച് പ്രതീക്ഷയുടെയും വിശ്വാസത്തിന്റെയും ദൈവത്തിന്റെയും കാലഘട്ടത്തിന്റെ തുടക്കമാണെന്നും ട്രംപ് പറഞ്ഞു. നെതന്യാഹുവിന്റെ ധീരതയെയും ട്രംപ് അകമഴിഞ്ഞ് പുകഴ്ത്തി.
തുടർന്ന് മോചിതരായ ബന്ദികളുടെ കുടുംബാംഗങ്ങളിൽ ചിലരുമായി കൂടിക്കാഴ്ച നടത്തിയ ട്രംപ് ഗസ്സ സമാധാന ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി ഈജിപ്തിലേക്ക് യാത്ര തിരിച്ചു. ഗസ്സയിലെ സമാധാന നീക്കം ചർച്ച ചെയ്യാൻ അമേരിക്കയും ഈജിപ്തും സംയുക്തമായി നടത്തുന്ന ഉച്ചകോടിയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യസഹമന്ത്രി കീർത്തി വർദ്ധൻ സിങാണ് പങ്കെടുക്കുന്നത്. നേരത്തെ ഡോണൾഡ് ട്രംപും ഈജിപ്ത് പ്രസിഡൻറ് അബ്ദെൽ ഫത്ത അൽസിസിയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഉച്ചകോടിക്ക് ക്ഷണിച്ചിരുന്നു. എന്നാൽ, പാകിസ്താനും ക്ഷണം നല്കിയ സാഹചര്യത്തിലാണ് നരേന്ദ്ര മോദി വിട്ടുനിൽക്കുന്നതെന്നാണ് സൂചന.



